ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു, വിവരമറിഞ്ഞ ഭാര്യ മിനിറ്റുകള്‍ക്കകം ഹൃദയംപൊട്ടി മരിച്ചു

 ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു, വിവരമറിഞ്ഞ ഭാര്യ മിനിറ്റുകള്‍ക്കകം ഹൃദയംപൊട്ടി മരിച്ചു

വിളപ്പില്‍: ഭര്‍ത്താവ് തൂങ്ങി മരിച്ചതറിഞ്ഞ് ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലംകോണം തോട്ടുനടക്കാവ് മൈലത്തറമേലെ വീട്ടില്‍ ബിനു(46), ഭാര്യ ബിന്ദു (44) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 8നാണ് ബിനുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്. ബിനുവിന്റെ മരണവിവരം അറിഞ്ഞ ബിന്ദു ഒരു മണിക്കൂറിനുള്ളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

മാവേലിക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ കുറച്ചു നാളുകളായി ചികിത്സയില്‍ കഴിയുകയാണ് ബിന്ദു. കടുത്ത പ്രമേഹരോഗത്തെ തുടര്‍ന്ന് ബിന്ദുവിന്‍റെ ഒരു കാല്‍വിരല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

തുടര്‍ന്നാണ് ബിന്ദുവിനെ മാവേലിക്കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ കുറച്ചുനാളുകളായി കൊല്ലംകോണത്തെ വീട്ടില്‍ ബിനു ഒറ്റയ്ക്കായിരുന്നു താമസം. ബിന്ദുവിന്റെ മൃതദേഹം ഇന്നലെ പുലര്‍ച്ചെ കൊല്ലംകോണത്തെ വസതിയില്‍ എത്തിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ഉച്ചയോടെ ബിനുവിന്റെ മൃതദേഹവും വീട്ടിലെത്തിച്ചു. ഇരുവരെയും വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.