സുരേഷ് ഗോപിയുടെ 250ാം ചിത്രവുമായി മുന്നോട്ട് തന്നെ; അതേ സ്‌ക്രിപ്റ്റും താരങ്ങളും തന്നെയെന്ന് ടോമിച്ചന്‍ മുളകുപാടം

 സുരേഷ് ഗോപിയുടെ 250ാം ചിത്രവുമായി മുന്നോട്ട് തന്നെ; അതേ സ്‌ക്രിപ്റ്റും താരങ്ങളും തന്നെയെന്ന് ടോമിച്ചന്‍ മുളകുപാടം

വിവാദങ്ങള്‍ക്കിടെയിലും സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പതാമത് ചിത്രവുമായി മുന്നോട്ട് തന്നെയെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വിജയദശമി ദിനമായ തിങ്കളാഴ്ച വൈകീട്ട് പുറത്തുവിടുമെന്നാണ് ടോമിച്ചന് മുളകുപാടം അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കഥ കോപ്പിയടിച്ചതാണെന്ന് കാണിച്ച് സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങുന്ന കടുവയുടെ തിരക്കഥ ഒരുക്കിയ സംവിധായകന്‍ ജിനു എബ്രഹാം നല്‍കിയ ഹരജിയിലായിരുന്നു നടപടി.

അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കപ്പെടുന്ന ഈ വിജയദശമി നാളില്‍ മലയാളികള്‍ക്കായി ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പന്‍ ടൈറ്റില്‍ അനൗണ്‍സമെന്റ് ഒരുങ്ങുവെന്നാണ് ടോമിച്ചന്‍ പറയുന്നത്. നൂറിലധികം സെലിബ്രെറ്റികളുടെ ഒഫീഷ്യല്‍ പേജിലൂടെ വൈകീട്ട് ആറ് മണിക്കാണ് ടൈറ്റില്‍ പുറത്തുവിടുന്നത്.അതേ സ്‌ക്രിപ്റ്റും താരങ്ങളും അണിയറ പ്രവര്‍ത്തകരും തന്നെയാണെന്നും ടോമിച്ചന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

എസ്.ജി 250 എന്ന പേരില്‍ സുരേഷ് ഗോപി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകനായി ഈ വര്‍ഷം മേയിലാണ് ടോമിച്ചന്‍ മുളകുപ്പാടം സിനിമ പ്രഖ്യാപിച്ചത്. ഡിസംബറില്‍ സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. സി.ഐ.എ, അണ്ടര്‍ വേള്‍ഡ് എന്നീ സിനിമകളുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് സുരേഷ് ഗോപിയുടെ 250ാം സിനിമയുടെ തിരക്കഥ.

ചിത്രവുമായി ബന്ധപ്പെട്ട കേസില്‍ കോടതി ഇടക്കാല സ്റ്റേ അനുവദിക്കുകയും എറണാകുളം ജില്ലാ കോടതി സ്റ്റേ സ്ഥിരപ്പെടുത്തുകയും ചെയ്തു. കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രം മാത്യൂസ് തോമസായിരുന്നു സംവിധാനം ചെയ്യാനിരുന്നത്.

അതേസമയം പൃഥ്വിരാജ് നായകനായി എത്തുന്ന ‘കടുവ’യുടെ ചിത്രീകരണം ഉടനെ ആരംഭിക്കാന്‍ ഇരിക്കുകയാണ്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ജൂലൈയില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡിനെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണ് കടുവ.

Related post