മരിക്കുന്നതിനു മുൻപ് അമ്മ അച്ഛനു പാൽ കുടിക്കാൻ നൽകി; ഇളയ മകന്റെ മൊഴി, ബിജുവിനെ വിഷം നൽകി കൊന്നതെന്ന് സംശയം!

 മരിക്കുന്നതിനു മുൻപ് അമ്മ അച്ഛനു പാൽ കുടിക്കാൻ നൽകി; ഇളയ മകന്റെ മൊഴി, ബിജുവിനെ വിഷം നൽകി കൊന്നതെന്ന് സംശയം!

തൊടുപുഴ :കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ അച്ഛനെ വിഷം നൽകി കൊലപ്പെടുത്തിയതെന്നു സംശയം. അമ്മ അഞ്ജനയെയും സുഹൃത്ത് അരുൺ ആനന്ദിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തിരുവനന്തപുരം മണക്കാട് സ്വദേശി ബി.ആർ.ബിജു (38) തൊടുപുഴയിൽ താമസിക്കുന്നതിനിടെയാണു മരിച്ചത്. മരിക്കുന്നതിനു മുൻപ് അമ്മ അച്ഛനു പാൽ കുടിക്കാൻ നൽകിയിരുന്നു എന്ന ഇളയ മകന്റെ മൊഴിയെത്തുടർന്നാണു ബിജുവിന്റെ മരണത്തിൽ സംശയം ഉയർന്നത്.

ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷയനുഭവിക്കുന്ന അരുണിനെ വിയ്യൂർ ജയിലിലിലും അഞ്ജനയെ മൂവാറ്റുപുഴയിലെ വീട്ടിലുമാണു ചോദ്യം ചെയ്തത്. ബിജു മരിച്ചു ദിവസങ്ങൾക്കുള്ളിൽ അഞ്ജന രണ്ടു മക്കളെയും കൂട്ടി ബന്ധു അരുണിനൊപ്പം താമസം തുടങ്ങിയിരുന്നു.

മരണത്തിൽ സംശയം പ്രകടിപ്പിച്ചു ബിജുവിന്റെ പിതാവ് എം.ഡി.ബാബു മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണു വീണ്ടും അന്വേഷണം ആരംഭിച്ചത്. തുടർന്നു ബിജുവിന്റെ കുഴിമാടം തുറന്നു ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.

അഞ്ജന നൽകിയ പാൽ കുടിച്ചയുടൻ ബിജു അവശനായി വീണു എന്നും ആശുപത്രിയിലേക്കു പോകുംവഴി വാഹനത്തിൽ തന്നെ മരിച്ചു എന്നുമാണ് ഇളയ കുട്ടിയുടെ മൊഴി. എന്നാൽ ബിജുവിന്റെ മരണം ഹൃദയാഘാതം മൂലമാണ് എന്നാണ് ഇടുക്കി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ അഞ്ജനയും അരുണും പറയുന്നത്.

ബിജുവിന്റെ കുഴിമാടത്തിൽ നിന്നു ശേഖരിച്ച ശരീരഭാഗങ്ങളുടെ ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷം തുടർ നടപടികളിലേക്കു കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2018 മേയ് 23നാണു ബിജു മരിച്ചത്.