മക്കൾ യാത്ര പോയിട്ട് ഒരു മാസമായി; അരികില്ലേലും എന്നും കിനാവിൽ വരാറുണ്ട് രണ്ട് പേരും; ഇന്ന് അവർ രണ്ടാളും ഉണ്ടായിരുന്നെങ്കിൽ എന്ത് സന്തോഷമായിരുന്നു. കുഞ്ഞു മിഴികൾ ചിമ്മുന്നതും, പാല്‍ കുടിക്കുന്നതും, ഉമ്മച്ചിയേയും ഉപ്പച്ചിയേയും നോക്കി ചിരിക്കുന്നതും; ഷെരീഫിന്റെ കണ്ണീര്‍കുറിപ്പ്‌

 മക്കൾ യാത്ര പോയിട്ട് ഒരു മാസമായി; അരികില്ലേലും എന്നും കിനാവിൽ വരാറുണ്ട് രണ്ട് പേരും; ഇന്ന് അവർ രണ്ടാളും ഉണ്ടായിരുന്നെങ്കിൽ എന്ത് സന്തോഷമായിരുന്നു. കുഞ്ഞു മിഴികൾ ചിമ്മുന്നതും, പാല്‍ കുടിക്കുന്നതും, ഉമ്മച്ചിയേയും ഉപ്പച്ചിയേയും നോക്കി ചിരിക്കുന്നതും; ഷെരീഫിന്റെ കണ്ണീര്‍കുറിപ്പ്‌

മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രണ്ട് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട പിതാവിന്റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറല്‍

കുറിപ്പ് വായിക്കാം

മക്കൾ യാത്ര പോയിട്ട് ഒരു മാസമായി. അരികില്ലേലും എന്നും കിനാവിൽ വരാറുണ്ട് രണ്ട് പേരും. ചിലപ്പോയൊക്കെ ഒത്തിരി നേരം താലോലിക്കും. ആശുപത്രിയിൽ നിന്ന് ഒരു നോക്ക് കാണാനേ പറ്റിയൊള്ളു, എന്നാലും ൻ്റെ മക്കളുടെ മുഖം മായാതെ കിടപ്പുണ്ട്.

ആശുപത്രിയിൽ നിന്ന് രണ്ട് പൈതങ്ങളേയും ഏറ്റുവാങ്ങിയത്, റോഡിൽ വാഹനം നിർത്തി നെഞ്ചോട് ചേർത്തുപിടിച്ച് വീട്ടിലേക്ക് നടന്നത്, തവനൂർ പള്ളിപറമ്പിലെ ആറടി മണ്ണിലേക്ക് ഇറക്കിവെക്കുമ്പോൾ നിറകണ്ണുകളോടെ മുത്തം നൽകിയത്… ഇല്ല, ഒന്നും മറന്നിട്ടില്ല. മറക്കാൻ പറ്റില്ല, ൻ്റെ പൊന്നോമനകളുടെ ഓർമകൾ കെടാതെ സൂക്ഷിക്കണം. അതിലൂടെ ‘ക്രൂരന്മാർക്ക്’ മറക്കാനാകാത്ത ഓർമകൾ സമ്മാനിക്കണം. അവരുടെ നെഞ്ചെരിയണം.

ഇന്ന് അവർ രണ്ടാളും ഉണ്ടായിരുന്നെങ്കിൽ എന്ത് സന്തോഷമായിരുന്നു. കുഞ്ഞു മിഴികൾ ചിമ്മുന്നതും, പാല്‍ കുടിക്കുന്നതും, ഉമ്മച്ചിയേയും ഉപ്പച്ചിയേയും നോക്കി ചിരിക്കുന്നതും.. അങ്ങനെ ഓരോ ദിവസവും അവർ വളരുന്നതും കാത്തിരിക്കാമായിരുന്നു. ഇന്ന് പ്രിയപ്പെട്ടവൾ തനിച്ച് കിടപ്പാണ്. ഉറക്കമുണർന്നാൽ അവൾ അറിയാതെ പരതി നോക്കും. മക്കളെങ്ങാനും അടുത്തുണ്ടോയെന്ന്. 10 മാസത്തോളം വേദന സഹിച്ചത് അവർക്ക് വേണ്ടിയായിരുന്നല്ലൊ.

പരാതിയുമായി ഒരു മാസക്കാലം നടന്നു. കൊലയാളികൾക്കെതിരെ ചെറുവിരലനക്കാൻ ആർക്കുമായിട്ടില്ല. എന്നാലും പിറകോട്ടില്ല. പ്രതികരിക്കാനുള്ള കരുത്തുണ്ട്. എൻ്റെ മക്കൾക്ക് വേണ്ടി തെരുവിലിറങ്ങുകയാണ്. അധികാരികൾക്ക് മുന്നിലേക്ക് വരുന്നുണ്ട്. കൂടെ പ്രിയപ്പെട്ടവളും ഉണ്ടാകും. വണക്കം പറഞ്ഞ് കാല് നക്കാനല്ല.

കണക്ക് പറഞ്ഞ് നീതി തേടാൻ.
മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രണ്ട് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ ഒരു കുടുംബം വ്യാഴാഴ്ച വീട്ടിലേക്ക് വരുന്നുണ്ട്. സമാന അനുഭവമുള്ള മറ്റു ചിലരുമായും സംസാരിച്ചിട്ടുണ്ട്. എല്ലാവരേയും ചേർത്തുപിടിച്ച് സമര രംഗത്തിറങ്ങും.
വിശദമായി അറിയ്ക്കാം. പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകണം.