അഞ്ച് വിവാഹ ആലോചനകൾ മുടങ്ങി; അയൽവാസിയോടുള്ള പ്രതികാരം മുണ്ടൂർ മാടൻ സ്റ്റൈലിൽ യുവാവ് തീർത്തിങ്ങനെ

 അഞ്ച് വിവാഹ ആലോചനകൾ മുടങ്ങി; അയൽവാസിയോടുള്ള പ്രതികാരം മുണ്ടൂർ മാടൻ സ്റ്റൈലിൽ യുവാവ് തീർത്തിങ്ങനെ

കണ്ണൂർ : വിവാഹം മുടക്കിയെന്ന് ആരോപിച്ച് യുവാവ് ജെ സി ബി ഉപയോഗിച്ച് അയൽവാസിയുടെ കട തകർത്തു. കണ്ണൂർ പുളിങ്ങോം കുമ്പൻ കുന്നിലെ പുളിയാറു മറ്റത്തിൽ സോജിയുടെ കടയാണ് തകർത്തത്. തൻ്റെ അഞ്ച് വിവാഹ ആലോചനകൾ മുടക്കി എന്ന് ആരോപിച്ചായിരുന്നു ആൽബിൻ എന്ന യുവാവിൻ്റെ കട തകർത്തുള്ള പ്രതികാരം.

അയ്യപ്പനും കോശിയും സിനിമയിലെ മുണ്ടൂർ മാടൻ സ്റ്റൈലിലായിരുന്നു യുവാവിൻ്റെ പ്രതികാരം. വിവാഹ ആലോചന തുടങ്ങിയിട്ട് ഏറെ നാളായി. ഒന്നും ശരിയാകുന്നില്ല.അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകൾ മുടങ്ങിയതിൻ്റെ കാരണം സമീപ വാസിയായ സോജിയാണ്.

വിവാഹം മുടക്കിയതിന് പ്രതികാരമായാണ് ജോസിയുടെ കട മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് തകർത്തത്. പ്ലാക്കുഴിൽ ആൽബിൻ എന്ന യുവാവ് ചെറുപുഴ പോലീസിന് നൽകിയ മൊഴിയാണിത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു കട തകർത്തത്. ആൽബിനുമായി ഒരു പ്രശനവും ഇല്ലെന്നും എന്തിൻ്റെ പേരിലാണ് കട തകർത്തതെന്ന് അറിയില്ലെന്നും കട ഉടമ സോജി പറഞ്ഞു.

കട ഉടമ സോജിയുടെ പരാതിയിൽ അൽബിനെ ചെറുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തു.കട പൊളിച്ചത് അറിഞ്ഞ് നിരവധി പേർ സ്ഥലത്ത് തടിച്ചു കൂടി.