ഫുട്ബോളാണെന്ന് കരുതി തട്ടിക്കളിച്ചത്‌ 2,800 വർഷം പഴക്കമുള്ള തലയോട്ടി, അമ്പരപ്പിക്കുന്ന സംഭവം

 ഫുട്ബോളാണെന്ന് കരുതി തട്ടിക്കളിച്ചത്‌ 2,800 വർഷം പഴക്കമുള്ള തലയോട്ടി, അമ്പരപ്പിക്കുന്ന സംഭവം

ഫുട്ബോളാണെന്ന് കരുതി തട്ടിക്കളിച്ചത്‌ 2,800 വർഷം പഴക്കമുള്ള തലയോട്ടി. 2018ൽ ഫുട്ബോളാണെന്ന് കരുതി തട്ടിക്കളിച്ച വസ്തു 2800 വര്‍ഷത്തെ പഴക്കമുള്ള തലയോട്ടിയാണെന്ന് തിരിച്ചറിഞ്ഞു. ആന്തണി പ്ലാറൈറ്റ് എന്ന ബ്രിട്ടിഷുകാരനാണ് ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തുള്ള ഐല്‍ ഓഫ് വൈറ്റ് എന്ന ദ്വീപിലെ ബീച്ചിൽ നിന്നും അപൂർവ തലയോട്ടി കിട്ടിയത്. ആദ്യം ഫുട്ബോളിന്റെ ഭാഗമാണെന്ന് കരുതി കുറച്ച് സമയം ഇദ്ദേഹം തട്ടിക്കളിച്ചിരുന്നു. എന്നാൽ പിന്നീട് സംശയം തോന്നി കയ്യിലെടുത്തപ്പോഴാണ് തലയോട്ടിയുടെ മുകൾ ഭാഗമാമെന്ന് തിരിച്ചറിയുന്നത്.

പിന്നാലെ ഇദ്ദേഹം തലയോട്ടി പൊലീസിനെ ഏൽപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് അമ്പരപ്പിക്കുന്ന സത്യം പുറത്തുവന്നത്. ഏകദേശം 2800 വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു ആ തലയോട്ടിക്ക് എന്നാണ് കാര്‍ബണ്‍ ഡേറ്റിങ് പരിശോധനയില്‍ തെളിഞ്ഞത്. അതായത് ബ്രിട്ടനില്‍ ഇരുമ്പ് യുഗമായിരുന്ന സമയത്തു ജീവിച്ചിരുന്നയാള്‍.

ഏകദേശം ബിസി 800നും 540നും ഇടയ്ക്കായിരുന്നു ബ്രിട്ടനിലെ ഇരുമ്പ് യുഗം. പേരു സൂചിപ്പിക്കും പോലെ നിര്‍മാണത്തിനും മറ്റും വ്യാപകമായി ഇരുമ്പ് ഉപയോഗിക്കുന്ന കാലമായിരുന്നു അത്. ബ്രിട്ടനില്‍ അതു വന്‍മാറ്റങ്ങള്‍ക്കുമിടയാക്കി. ബ്രിട്ടിഷ് ജനസംഖ്യ 10 ലക്ഷം കടക്കുന്നതും ഇക്കാലത്താണ്.

മറ്റു പ്രദേശങ്ങളുമായി വാണിജ്യ ബന്ധവും ഐല്‍ ഓഫ് വൈറ്റിനുണ്ടായിരുന്നു. കപ്പലുകള്‍ വഴിയുള്ള ചരക്കുകൈമാറ്റത്തിന്റെ ഒരു സുപ്രധാന കേന്ദ്രവുമായിരുന്നു ഈ ദ്വീപ്. ഇരുമ്പു യുഗത്തിനു പിന്നാലെയാണ് വെങ്കലം കണ്ടുപിടിക്കുന്നതും ബ്രിട്ടനില്‍ വെങ്കലയുഗത്തിനു തുടക്കമിടുന്നതും.

എന്തായാലും ആന്തണി കണ്ടെത്തിയ തലയോട്ടി വെളിച്ചം വീശിയത് ബ്രിട്ടന്റെ ചരിത്രത്തിലേക്കായിരുന്നു. അതോടെ തലയോട്ടിയുമായി ബന്ധപ്പെട്ട കേസിന്റെ കാര്യത്തിലും തീരുമാനമായി. തലയോട്ടിയാകട്ടെ കൂടുതല്‍ പഠനത്തിനായി ഐല്‍ ഓഫ് വൈറ്റ് മ്യൂസിയത്തിനും കൈമാറി. ഇതിന്മേല്‍ കൂടുതല്‍ പഠനത്തിനൊരുങ്ങുകയാണു ഗവേഷകര്‍.