ഓൺലൈൻ പഠനത്തിനായി ജസില്‍ മുഖ്യമന്ത്രിയോട് ഫോൺ ആവശ്യപ്പെട്ടത് വീട്ടുകാർ അറിയാതെ! അവസാനം കയ്യിലെത്തിയത് ലാപ്ടോപ്

 ഓൺലൈൻ പഠനത്തിനായി ജസില്‍ മുഖ്യമന്ത്രിയോട് ഫോൺ ആവശ്യപ്പെട്ടത് വീട്ടുകാർ അറിയാതെ! അവസാനം കയ്യിലെത്തിയത് ലാപ്ടോപ്

കോഴിക്കോട്; ഓൺലൈൻ പഠനത്തിനായി മുഖ്യമന്ത്രിയോട് ഫോൺ ആവശ്യപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ലഭിച്ചത് ലാപ്ടോപ്പ്. കോഴിക്കോട് പുന്നശ്ശേരി കട്ടയാട്ട് റഹീം-സജ്ന ദമ്പതിമാരുടെ മകൻ ജസില്‍ അബൂബക്കറിനാണ് മുഖ്യമന്ത്രി ലാപ്ടോപ് സമ്മാനിച്ചത്. ആകെയുള്ള ഒരു ഫോണിനുവേണ്ടി സഹോദരങ്ങളുമായി അടിപിടി കൂടേണ്ട അവസ്ഥ വന്നതോടെയാണ് വീട്ടുകാർ അറിയാതെ കുട്ടി മുഖ്യമന്ത്രിയോട് സഹായം ആവശ്യപ്പെട്ടത്.

ജസിലിന്റെ ഇളയ സഹോദരൻ ജാസിര്‍ റഹ്മാൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. മൂത്ത സഹോദരൻ പയ്യന്നൂർ ​ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പ്ലസ് വണ്ണിന് പ്രവേശനം നേടിയതോടെയാണ് ഫോണിന്റെ പേരിൽ തർക്കം പതിവായത്. തുടർന്നാണ് ജസിൽ ഓണ്‍ലൈനായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനായി തീരുമാനിച്ചത്. വീട്ടുകാരറിയാതെ ഗൂഗിളില്‍ നോക്കി മെയില്‍ കണ്ടെത്തി അയക്കുകയായിരുന്നു.

മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിലാസം തിരക്കി വിളിവന്നു. ഇതോടെ പോലീസ് വീട്ടില്‍ വരുമോ എന്ന പരിഭ്രമത്തിലായിരുന്നു കുട്ടി. ഇതിനുശേഷമാണ് മുഖ്യമന്ത്രിയോട് സഹായം ചോദിച്ചതിനെക്കുറിച്ച് വീട്ടുകാർ അറിയുന്നത്.

കോഴിക്കോട്ട് കട നടത്തുന്ന റഹീം വിലാസം അയച്ചുകൊടുത്തു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചുമതല വഹിക്കുന്ന പിഎ വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ജസിലിന്റെ അടുത്തെത്തിയത്.

നന്നായി പഠിക്കണമെന്ന മുഖ്യമന്ത്രിയുടെ ഉപദേശത്തോടെ ലാപ്‌ടോപ്പ് കൈമാറി. നരിക്കുനി ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി വിദ്യാർത്ഥിയാണ് ജസിൽ.