വന്നു പൊയ്‌ക്കോട്ടെ എന്നു നിസാരമായി കരുതാവുന്ന ഒരു രോഗമല്ല കോവിഡ്… ഡോക്ടര്‍ കവിത രവിയുടെ കുറിപ്പ്

 വന്നു പൊയ്‌ക്കോട്ടെ എന്നു നിസാരമായി കരുതാവുന്ന ഒരു രോഗമല്ല കോവിഡ്… ഡോക്ടര്‍ കവിത രവിയുടെ കുറിപ്പ്

കോവിഡ് 19  മുന്നറിയിപ്പുമായി ഡോക്ടര്‍ കവിത രവിയുടെ കുറിപ്പ്.

കുറിപ്പ് പൂര്‍ണരൂപം:

take it easy കോവിഡിനോട് വേണ്ട
* * * * * * * *
ഒന്നു വന്നു പൊയ്ക്കോട്ടെ എന്നു നിസ്സാരമായി കരുതാവുന്ന ഒരു രോഗമല്ല കോവിഡ്.
ചെറുതായി വന്നു പോയി കഴിഞ്ഞാൽ എന്നത്തേക്കും പ്രതിരോധം ഉണ്ടാകുമല്ലോ എന്നു കരുതുന്നതും തെറ്റിദ്ധാരണ തന്നെ.
ഇതു വരെ പ്രസിദ്ധീകരിച്ച പഠനങ്ങളിൽ നിന്നും, എന്റെ സ്വന്തം അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.
കോവിഡ് ബാധിച്ച ആദ്യ രണ്ടാഴ്ചകളിൽ പനിയും തൊണ്ടവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു.

ഒന്നര മാസത്തെ കൃത്യമായ ചികിത്സയും വിശ്രമവും കൊണ്ട് ആരോഗ്യം തിരിച്ചു കിട്ടിയിരുന്നു.
*എന്നാൽ ആന്റിജൻ നെഗറ്റീവ് ആയി രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടും, ഇപ്പോഴും കോവിഡാനന്തര പ്രശ്നങ്ങൾ എന്നെ അലട്ടുന്നുണ്ട്.

മറ്റു രോഗികളിലും സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
*വിട്ടു മാറാത്ത ക്ഷീണം, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ, ശരീരത്തിന്റെ പല ഭാഗങ്ങളിലും രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഗുരുതര പ്രശ്നങ്ങൾ,ഉറക്കമില്ലായ്മ ഇവയൊക്കെയാണ് ഏറ്റവും അധികം കണ്ടുവരുന്ന കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ.
*ഗുരുതരമായി രോഗബാധ ഉണ്ടായവരിൽ മാത്രമല്ല, നിസ്സാരമായ ലക്ഷണങ്ങളോടെ കോവിഡ് വന്നു പോയവരിലും, ആഴ്ചകൾക്ക് ശേഷം ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.

ഇമ്മ്യൂണിറ്റി

*ആശങ്ക ഉളവാക്കുന്ന മറ്റൊരു വിഷയം ഒരിക്കൽ കൊറോണ വൈറസ് ബാധ ഉണ്ടായതിന് ശേഷം വീണ്ടും രോഗബാധ ഉണ്ടാകുന്നതായുള്ള റിപ്പോർട്ടുകൾ ആണ്.
*ഹ്രസ്വകാലത്തെക്കുള്ള പ്രതിരോധശേഷി മാത്രമേ വൈറസ് ശരീരത്തിൽ ഉണ്ടാക്കുന്നുള്ളൂ എന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ.

*ഒരു നല്ല ശതമാനം രോഗികളിൽ വൈറസിന് എതിരെയുള്ള ആന്റിബോഡികൾ ഉണ്ടാകുന്നില്ല.
ഞാനും ആ കൂട്ടത്തിൽ പെടുന്നു.
*ചിലരിൽ വളരെ കുറഞ്ഞ തോതിൽ ആന്റിബോഡി കാണപ്പെടുന്നുണ്ട്.
മറ്റൊരു വിഭാഗം രോഗികളിൽ നല്ല അളവിൽ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

*കൊറോണ വൈറസിന്റെ ഇമ്മ്യൂണിറ്റി അഥവാ ശരീരത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെ പറ്റിയുള്ള കൂടുതൽ പഠനങ്ങൾ ഇനിയും നടക്കാനിരിക്കുന്നതെയുള്ളൂ.
അതുകൊണ്ടു തന്നെ കൂടുതൽ പേർക്ക് രോഗബാധ ഉണ്ടാകുന്നത് വഴി herd immunity സമൂഹത്തിൽ വന്നേക്കും എന്ന ധാരണയും അടിസ്ഥാനമില്ലാത്തതാണ്.
ഓർക്കേണ്ടത് ഒന്നു മാത്രം.

കോവിഡ് ഒരു നിസ്സാര രോഗമല്ല;
അതിനാൽ,
*പ്രതിരോധം തന്നെയാണ് ആയുധം.
*എല്ലാ മുൻകരുതലുകളും കർശനമായി പാലിച്ചു തന്നെ ജീവിക്കുവാൻ ശീലിക്കണം.
*കോവിഡിനെ നമുക്ക് അതിജീവിച്ചേ മതിയാകൂ.