കൂട്ടിലേക്ക് ഇ‍ഴഞ്ഞെത്തിയ പെരുമ്പാമ്പിന് സ്വന്തം പ്രാണന്‍ നല്‍കി കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മ പക്ഷി; കണ്ണുനനയിച്ച് വീഡിയോ

 കൂട്ടിലേക്ക് ഇ‍ഴഞ്ഞെത്തിയ പെരുമ്പാമ്പിന് സ്വന്തം പ്രാണന്‍ നല്‍കി കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മ പക്ഷി; കണ്ണുനനയിച്ച് വീഡിയോ

സ്വന്തം കുഞ്ഞുങ്ങളുടെ ജീവൻ എന്ത് ത്യാഗം ചെയ്തും രക്ഷിച്ച ഒരുപാട് മാതാപിതാക്കളുടെ അനുഭവകഥകള്‍ നമുക്ക് മുന്നിലുണ്ട്. അവയെല്ലാം നമ്മുടെ കണ്ണുകളെ നയിച്ചാണ് കടന്ന് പോകാറുള്ളതും. മനുഷ്യരോ മൃഗങ്ങളോ പക്ഷികളോ ആകട്ടെ തന്‍ കുഞ്ഞ് ഏതൊരു അമ്മയ്ക്കും പ്രാണനേക്കാള്‍ പ്രിയപ്പെട്ടതായിരിക്കും.

ഒരുപക്ഷെ മനുഷ്യരെക്കാള്‍ കരുതലുള്ളവരാണ് ജീവികളും. അത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കാറുണ്ട്. ഇപ്പോ‍ഴിതാ സ്വന്തം ജീവന്‍ ത്യാഗം ചെയ്ത് തന്‍റെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ഒരു അമ്മപക്ഷിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പര കാഴ്ചയാകുന്നത്.

തന്‍റെ കൂട്ടിലേക്ക് ഇര തേടിയെത്തിയ പെരുമ്പാമ്പിന് മുന്നില്‍ സ്വന്തം പ്രാണന്‍ നല്‍കി കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മ പക്ഷിയാണ് നൊമ്പരക്കാ‍ഴ്ച്ചയാകുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയായ സുധാ രാമൻ ആണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. കുഞ്ഞുങ്ങളോടൊപ്പം മണ്ണിനടിയിലെ കൂട്ടിലിരിക്കുന്ന സമയത്താണ് സമീപത്ത് നിന്നും ഒരു കൂറ്റൻ പെരുമ്പാമ്പ് ഇഴഞ്ഞെത്തിയത്.

ഇതുകണ്ടതോടെ തന്റെ ചിറകുകൾ വേഗത്തിലടിച്ച് ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി കുഞ്ഞുങ്ങളെയെല്ലാം കുഴിക്ക് പുറത്തെത്തിക്കാൻ പക്ഷി ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

എന്നാൽ ഈ സമയം കൊണ്ട് പാമ്പിഴഞ്ഞു കുഴിക്കുള്ളിലേക്ക് കയറുകയും ചെയ്തു. എന്നാല്‍ സ്വയം രക്ഷപ്പെടാൻ ശ്രമിക്കാതെ അവസാനത്തെ കുഞ്ഞിനെയും പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു അമ്മ പക്ഷി. ഒടുവിൽ തന്‍റെ കുഞ്ഞുങ്ങളെയെല്ലാം പുറത്തെത്തിച്ച പ്പോഴേക്കും അമ്മ പക്ഷിയെ പാമ്പ് വരിഞ്ഞുമുറുക്കിയിരുന്നു. ഒടുവിൽ പുറത്തിറങ്ങാനാവാതെ കുഴിക്കുള്ളിൽ വച്ചുതന്നെ അമ്മ പക്ഷി പെരുമ്പാമ്പിന് ഇരയായി മാറുകയും ചെയ്തു.

പ്രകൃതിനിയമങ്ങളെക്കാളും ശക്തമാണ് മാതൃത്വം എന്ന കുറിപ്പോടെയാണ് സുധാ രമൺ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. ദൃശ്യം സമൂഹമാധ്യമങ്ങളിലെത്തിയതോടെ ഏറെ വികാരാധീനരായാണ് പലരും പ്രതികരണങ്ങളുമായെത്തുന്നത്. ഹൃദയഭേദകമായ കാഴ്ചയാണിതെന്നും അമ്മ പക്ഷിയുടെ മാനസികാവസ്ഥ ഏതു മാതാപിതാക്കൾക്കും മനസ്സിലാക്കാനാകുമെന്നുമാണ് അഭിപ്രായങ്ങൾ നിറയുന്നത്.