അമിതമായി മദ്യപിച്ച ഹാങ്ങോവര്‍ മാറാന്‍ ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തു, എന്നാല്‍ അച്ചാറും, ഉള്ളിയും ബണ്ണും , ഇറച്ചിയും വേണ്ടെന്ന് പറഞ്ഞും പോയി; ബര്‍ഗര്‍ കാത്തിരുന്ന് പാഴ്‌സല്‍ വന്നപ്പോള്‍ കിട്ടിയത് കെച്ചപ്പ് മാത്രം ; ചിരിപടര്‍ത്തിയ ഒരു ഓര്‍ഡര്‍ കഥ

വിശന്ന് വലഞ്ഞിരുന്നപ്പോഴാണ് കാറ്റി മഗ്‌ഡൊണാള്‍സില്‍ വിളിച്ച് ബര്‍ഗറിന് ഓര്‍ഡര്‍ നല്‍കിയത്. കാനഡയില്‍ ടൊറൻ്റോയില്‍ താമസിക്കുന്ന കാറ്റി ഹാംബര്‍ഗര്‍ ആണ് ഓര്‍ഡര്‍ ചെയ്തത്. പക്ഷെ കാത്തിരുന്നപ്പോള്‍ കിട്ടിയതാകട്ടെ കെച്ചപ്പ് മാത്രം!
കാറ്റിയുടെ ഭര്‍ത്താവ് ജോഡിയാണ് പറ്റിയ അബദ്ധം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. രസകരമായ കുറിപ്പോടെയാണ് ജോഡി കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. കുറിപ്പ് വായിച്ചാല്‍ ഡെലിവറിയില്‍ മഗ്‌ഡോണാള്‍ഡ്‌സിനെ മാത്രം കുറ്റം പറയാനാകില്ലെന്നതാണ് വാസ്തവം.
തലേരാത്രി അമിതമായി മദ്യപിച്ചതിന്റെ ഹാങ്ങോവര്‍ മാറാനാണ് കാറ്റി ബര്‍ഗറിന് ഓര്‍ഡര്‍ നല്‍കിയത്. സാധാരണ ബര്‍ഗറില്‍ സവോള വേണ്ട ഉപ്പിലിട്ടത് വേണ്ട എന്നെല്ലാം പറയുന്ന പതിവ് കാറ്റിക്കുണ്ട്. ഇക്കുറി പക്ഷെ കാര്യങ്ങള്‍ കുറച്ചധികം കടന്നുപോയി. ‘നോ പിക്കിള്‍സ്, നോ ഒണിയന്‍സ്, നോ മസ്റ്റാര്‍ഡ്, നോ ബണ്‍, നോ പാറ്റി’ എന്നാണ് അവള്‍ ഓര്‍ഡര്‍ നല്‍കിയത്. അവരാകട്ടെ ഞങ്ങള്‍ക്ക് രണ്ട് കെച്ചപ്പ് പാക്കറ്റ് കൊടുത്തയച്ചു – ജോഡി കുറിച്ചതിങ്ങനെ.
ജോഡിയുടെ പോസ്റ്റ് വായിച്ചതും ചിരിയടക്കാന്‍ കഴിയുന്നില്ലെന്നാണ് ആളുകള്‍ കമന്റില്‍ കുറിച്ചിരിക്കുന്നത്. അതേസമയം ഇല്ലാത്ത ബര്‍ഗറിന് തന്റെ കൈയില്‍ നിന്ന് മുഴുവന്‍ വിലയും ഈടാക്കിയെന്ന് കാറ്റി കമന്റ് ബോക്‌സില്‍ പറയുന്നു.