‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവന് വേറെ ആരുണ്ട്?’ എന്നോർത്ത് സങ്കടപ്പെടാത്ത ദിവസമില്ല, ചിരി മായാത്ത അദ്വൈതിന്റെ മുഖത്തേക്കു നോക്കുമ്പോൾ അപ്പൂപ്പൻ നടരാജന്റെ കണ്ണുനിറയും

 ‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവന് വേറെ ആരുണ്ട്?’ എന്നോർത്ത് സങ്കടപ്പെടാത്ത ദിവസമില്ല, ചിരി മായാത്ത അദ്വൈതിന്റെ മുഖത്തേക്കു നോക്കുമ്പോൾ അപ്പൂപ്പൻ നടരാജന്റെ കണ്ണുനിറയും

ഒരുപാടുപേരുടെ സ്നേഹത്തിന്റെ തണലിലാണ് അദ്വൈത് പഠിക്കുന്നതും വളരുന്നതും. ചിരി മായാത്ത അദ്വൈതിന്റെ മുഖത്തേക്കു നോക്കുമ്പോൾ അപ്പൂപ്പൻ നടരാജന്റെ കണ്ണുനിറയും. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അവന് വേറെ ആരുണ്ട് എന്നോർത്ത് സങ്കടപ്പെടാത്ത ദിവസമില്ല. അച്ഛനും അമ്മയുമില്ലാത്ത വിഷമം അറിയിക്കാതെ നടരാജനാണ് അദ്വൈതിനെ സംരക്ഷിക്കുന്നത്.

മൂന്നാംക്ലാസ് വിദ്യാർഥിയായ അദ്വൈതിന് (7) അയൽവാസിയായ ആനിയമ്മ സൗജന്യമായി ട്യൂഷനെടുക്കും. തൊട്ടടുത്ത വീട്ടിലെ ശോഭനയും കുടുംബവും ദിവസവും രാവിലെ ഭക്ഷണം നൽകും. കൂട്ടുകാരൻ അർഷാദിന്റെ വീട്ടിൽ നിന്നാണ് ഉച്ചയ്ക്കുള്ള ഭക്ഷണം. ഒരു ബന്ധുവാണ് രാത്രിയിൽ ഭക്ഷണമെത്തിക്കുന്നത്.

അദ്വൈതിന്റെ അധ്യാപികയായിരുന്ന ശാലുവായിരുന്നു നേരത്തെ ഭക്ഷണമെത്തിച്ചിരുന്നത്. ചേർത്തല മുട്ടത്തിപ്പറമ്പ് പ്രതീക്ഷ ഭവനിലെ വിദ്യാർഥിയാണ് അദ്വൈത്. സൗജന്യമായാണ് സ്കൂൾ അധികൃതർ പഠിപ്പിക്കുന്നത്. അദ്വൈതിന് രണ്ടു വയസ്സുള്ളപ്പോഴാണ് അമ്മ ഗീതു മരിക്കുന്നത്. അച്ഛൻ ജയരാജും അപ്പൂപ്പൻ വലിയ കരിത്തറ വീട്ടിൽ നടരാജനുമായിരുന്നു പിന്നെ എല്ലാം. നടരാജന്റെ ഭാര്യ വത്സല നേരത്തെ മരിച്ചു.

2018 മാർച്ച് 29 ന് ജയരാജ് അപകടത്തിൽപെട്ടു മരിച്ചതോടെയാണ് അദ്വൈതിന്റെ ജീവിതം അനിശ്ചിതത്വത്തിലായത്. ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളിയായിരുന്നു ജയരാജ്. കുമരകത്തു ജോലിക്കിടെ വൈദ്യുതാഘാതമേറ്റാണ് മരണം. പശുവിനെ വളർത്തൽ മാത്രമാണ് നടരാജന്റെ വരുമാനമാർഗ്ഗം.

ഇപ്പോൾ പ്രായമേറിയതോടെ ആരോഗ്യപ്രശ്നങ്ങളുണ്ട്. പണിതീരാത്ത കൊച്ചുവീട്ടിലാണ് അദ്വൈതും നടരാജനും താമസിക്കുന്നത്. അദ്വൈതന്റെ സഹായത്തിനായി പഞ്ചായത്ത് അംഗം ജോസഫ് ജോബിൻ മുൻകയ്യെടുത്ത് സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.

യൂണിയൻ ബാങ്ക് ചേർത്തല ശാഖയിൽ അദ്വൈതിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ: 9747022404, 9995676863. ബാങ്ക് അക്കൗണ്ട് നമ്പർ: 360902120001143, ഐഎഫ്എസ് കോഡ്: UBINO536091.