സ്ത്രീ തടവുകാരെ പൂർണ നഗ്‌നരാക്കി നിർത്തി, അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളിൽ നിന്നു ചാടാൻ ജയിലധികൃതർ ആവശ്യപ്പെട്ടു; സുമയ്യയുടെ വെളിപ്പെടുത്തൽ

 സ്ത്രീ തടവുകാരെ പൂർണ നഗ്‌നരാക്കി നിർത്തി, അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളിൽ നിന്നു ചാടാൻ ജയിലധികൃതർ ആവശ്യപ്പെട്ടു; സുമയ്യയുടെ വെളിപ്പെടുത്തൽ

ക്രൂരമർദ്ദനമേറ്റ് മരിച്ച കഞ്ചാവു കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളിൽ നിന്നും ചാടാൻ ജയിൽ അധികൃതർ നിർബന്ധിച്ചെന്ന് ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തൽ.

10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും മറ്റൊരാളെയും സെപ്റ്റംബർ 29ന് ആണ് കസ്റ്റഡിയിലെടുത്തത്. 30 നാണ് കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മിഷൻ ക്വാർട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലിൽ ക്രൂര മർദനമേറ്റത്.

ക്രൂരമർദ്ദനത്തെത്തുടർന്ന് അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളിൽ നിന്നു ചാടാൻ ജയിലധികൃതർ ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു.

കഞ്ചാവു കേസിൽ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ വനിതാ ജയിലിൽനിന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.

മർദനത്തിന് സാക്ഷിയായിരുന്നു താനെന്നും സുമയ്യ പറഞ്ഞു. ‘അപസ്മാരമുള്ളയാളാണ്, മർദിക്കരുത്’ എന്ന് പ്രതികളെ കൈമാറുമ്ബോൾ പൊലീസ് പറഞ്ഞതു ജയിൽ അധികൃതർക്ക് ഇഷ്ടപ്പെട്ടില്ല. ‘

ലോക്കൽ പൊലീസിനെക്കൊണ്ടു റെക്കമൻഡ് ചെയ്യിക്കുമല്ലേ’ എന്നു ചോദിച്ചു മർദിച്ചു. താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂർണ നഗ്‌നരാക്കി നിർത്തി. ഇതിനെ എതിർത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മർദിച്ചതായും സുമയ്യ പറഞ്ഞു.

തലയ്‌ക്കേറ്റ മർദനവും, ശരീരത്തിലേറ്റ മർദനവുമാണ് ഷെമീറിന്റെ മരണ കാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റുമോർട്ടത്തിന് മുൻപ് 24 മണിക്കൂറിനും 72 മണിക്കൂറിനും ഇടയിലാണ് മർദനമേറ്റിരിക്കുന്നത്.

ഷെമീറിന്റെ ഏതാനും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. നാൽപതിലേറെ മുറിവുകളും ഉണ്ട്. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്നു പോയിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.