സാധാരണ ശ്വാസകോശം സ്‌പോഞ്ച് ബോള്‍ പോലെ! കോവിഡ് ബാധിച്ചു മരിച്ച 62കാരന്റെ ശ്വാസകോശങ്ങള്‍ തുകല്‍ പന്ത് പോലെ, മൃതദേഹത്തില്‍ 18മണിക്കൂറോളം വൈറസ് സാന്നിധ്യം

ബംഗളൂരു: കോവിഡ് ബാധിച്ചു മരിച്ച 62കാരന്റെ ശ്വാസകോശങ്ങള്‍ തുകല്‍ പന്ത് പോലെ ദൃഢമായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ബംഗളൂരുവില്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ച വ്യക്തിയില്‍ നടത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടമാണ് ഇത്. മൃതദേഹത്തില്‍ 18മണിക്കൂറോളം വൈറസ് സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓക്‌സ്ഫഡ് മെഡിക്കല്‍ കോളജിലെ ഡോ. ദിനേശ് റാവു ആണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മൂക്കിലെയും തൊണ്ടയിലെയും സാംപിളുകളില്‍ 18 മണിക്കൂര്‍ കഴിഞ്ഞിട്ടും വൈറസ് സാന്നിധ്യമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ‘സാധാരണ ശ്വാസകോശം സ്‌പോഞ്ച് ബോള്‍ പോലെയാണ് കാണുക, പക്ഷെ ഇത് ലെതര്‍ പന്ത് പോലെയായിരുന്നു.
600-700 ഗ്രാമാണ് സാധാരണ ഭാരമെങ്കില്‍ കോവിഡ് രോഗിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ ഇരു ശ്വാസകോശവും ചേര്‍ത്തുള്ള ഭാരം 2.1 കിലോയോളം ഉണ്ടായിരുന്നു. രക്തം കട്ടപിടിച്ചിരിക്കുന്നതും കാണാമായിരുന്നു’, ഡോക്ടര്‍ റാവു പറഞ്ഞു. ത്വക്കില്‍ വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയതായും ഡോക്ടര്‍ പറഞ്ഞു.
ഒരു മണിക്കൂറിലേറെ സമയമെടുത്താണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്. അമേരിക്കയിലെയും ഇറ്റലിയിലെയും കോവിഡ് രോഗികളുടെ പോസ്റ്റുമോര്‍ട്ടം പരിശോധനയിലെ കണ്ടെത്തലില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ കാണപ്പെടുന്ന വൈറസിന്റെ പരണിതഫലം വ്യത്യസ്തമായിരിക്കുമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു. ശ്വാസകോശത്തില്‍ വൈറസ് ഉണ്ടാക്കിയ ആഘാതം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.