പഞ്ചരത്‌നം വീട്ടിലെ ആ മൂന്ന് പെണ്‍കൊടികള്‍ അമ്മക്കിളിയുടെ സ്‌നേഹത്തണലില്‍ നിന്നും പുത്തന്‍കൂട്ടിലേക്ക്; കാരണവരുടെ റോളിൽ ഉത്രജൻ

 പഞ്ചരത്‌നം വീട്ടിലെ ആ മൂന്ന് പെണ്‍കൊടികള്‍ അമ്മക്കിളിയുടെ സ്‌നേഹത്തണലില്‍ നിന്നും പുത്തന്‍കൂട്ടിലേക്ക്; കാരണവരുടെ റോളിൽ ഉത്രജൻ

തിരുവനന്തപുരം : പഞ്ചരത്‌നം വീട്ടിലെ ആ മൂന്ന് പെണ്‍കൊടികള്‍ അമ്മക്കിളിയുടെ സ്‌നേഹത്തണലില്‍ നിന്നും പുത്തന്‍കൂട്ടിലേക്ക്. പോത്തന്‍കോട് നന്നാട്ടുകടവില്‍ പ്രേംകുമാറിന്‍റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് 24ആം തിയതി. മറ്റൊരു സഹോദരി ഉത്രജയുടെ കുവൈറ്റിലുള്ള പ്രതിശ്രുത വരന്‍ ആകാശിന് നാട്ടിലെത്താന്‍ കഴിയാത്തതിനാലാണ് നാല് സഹോദരിമാരിലെ മൂന്നു പേരുടെ വിവാഹം നേരത്തെ നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.

ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ്. അജിത്കുമാറും, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയെ കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മഹേഷും, തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യയായ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്‍റായി ജോലിനോക്കുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതുമാണ് വിവാഹം കഴിക്കുന്നത്.

പെങ്ങന്മാരുടെ താലികെട്ട് ദിനത്തില്‍ കാരണവരുടെ റോളിലാണ് ഏക സഹോദരന്‍ ഉത്രജന്‍. വിവാഹം അടുത്തെത്തിയതോടെ ഉത്രജന്‍ എല്ലാത്തിനും മുന്നിലുണ്ട്. ശനിയാഴ്ച രാവിലെ 7.45നും 8.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ഗുരുവായൂരില്‍ വച്ചാണ് വിവാഹം. ഏപ്രില്‍ 26ന് നടക്കേണ്ട വിവാഹം ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു.