ഞാൻ മാസ്ക് ധരിക്കില്ല;മാസ്ക് ഉപേക്ഷിച്ച് പോരാടൂ, വിമാനത്തിനുള്ളിൽ ബഹളംവച്ച ഭർത്താവിൻറെ മുഖത്തടിച്ച് ഭാര്യ

 ഞാൻ മാസ്ക് ധരിക്കില്ല;മാസ്ക് ഉപേക്ഷിച്ച് പോരാടൂ, വിമാനത്തിനുള്ളിൽ ബഹളംവച്ച ഭർത്താവിൻറെ മുഖത്തടിച്ച് ഭാര്യ

വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കുന്നതിൽ തർക്കം. അസഭ്യം പറഞ്ഞ ഭർത്താവിന് ചേരുന്ന പ്രതികരണവുമായി ഭാര്യ. മാസ്ക് ധരിക്കില്ലെന്നും മറ്റുള്ളവരും മാസ്ക് ഒഴിവാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടതോടെയാണ് വിമാനത്തിനുള്ളിൽ തർക്കമായത്. മാഞ്ചസ്റ്ററിൽ നിന്ന് റ്റെനെറിഫിലേക്ക് പോവുകയായിരുന്ന ഈസി ജെറ്റ് പാസഞ്ചർ വിമാനത്തിനുള്ളിലാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

നിങ്ങളെയെല്ലാവരേയും നുണ പറഞ്ഞ് പറ്റിക്കുകയാണ്, എത്രകാലം നിങ്ങൾ മാസ്ക് ധരിക്കുമോ അത്രയും കാലം ഇത് നീണ്ട് പോകുമെന്ന് പറഞ്ഞുകൊണ്ട് യാത്രക്കാരിലൊരാൾ ക്ഷുഭിതനാവുകയായിരുന്നു. മാസ്ക് ഉപേക്ഷിച്ച് പോരാടൂവെന്ന് പറഞ്ഞ് ബഹളം വച്ചതോടെ വിമാനത്തിലുള്ള മറ്റുള്ളവർ ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചു.

ഇതോടെ മറ്റുള്ളവർക്ക് നേരെ ഇയാൾ ചുമയ്ക്കാൻ തുടങ്ങി. ഈ സമയത്താണ് കോലാഹലങ്ങളിൽ ഇയാളുടെ ഭാര്യ ഇടപെടുന്നത്. സീറ്റിലിരിക്കാൻ ആവശ്യപ്പെട്ട ഭാര്യയെ ബുദ്ധിശൂന്യയെന്ന് വിളിച്ചതോടെയാണ് ഭാര്യയുടെ നിയന്ത്രണം വിട്ടത്. അസഭ്യം പറഞ്ഞതിന് പിന്നാലെ ഭാര്യ ഭർത്താവിൻറെ മുഖത്തിന് അടിക്കുകയായിരുന്നു.

തിരികെ അടിക്കാൻ ഇയാൾ ശ്രമിക്കുന്നതിനിടെ മറ്റ് യാത്രക്കാർ ഇടപെടുകയായിരുന്നുവെന്നാണ് റിപോർട്ടുകൾ പുറത്തു വരുന്നത്. സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തതായും വിമാനക്കമ്പനി വ്യക്തമാക്കി.