മികച്ച ചികിത്സയ്ക്ക് കൂടുതല്‍ പണം ചോദിച്ചു; കളമശ്ശേരി മെഡിക്കല്‍ കോളെജിനെതിരെ വീണ്ടും പരാതികള്‍; രോഗി പണത്തിനായി അപേക്ഷിക്കുന്ന ശബ്ദസന്ദേശം പുറത്ത്

കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ മികച്ച ചികിത്സയ്ക്ക് ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടുവെന്ന പരാതിയുമായി കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരു രോഗി ബൈ ഹൈക്കിയുടെ ബന്ധുക്കള്‍ രംഗത്ത്. 40000ത്തോളം രൂപ ആവശ്യപ്പെട്ട് രോഗി സഹോദരനയച്ച ശബ്ദസന്ദേശം പുറത്തായതോടെ ആശുപത്രിയ്‌ക്കെതിരെ പ്രതിഷേധം പുകയുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് .
കാര്യങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ അതിനൊരു രീതിയുണ്ടെന്നും പണമാണ് അവര്‍ക്ക് ആവശ്യമെന്നും ഇയാള്‍ പറയുന്നത് ശബ്ദസന്ദേശത്തില്‍ നിന്നും വ്യക്തമായി കേള്‍ക്കാം. ചെക്ക് വഴിയോ പണമായോ എത്രയും വേഗം സഹായമെത്തിക്കണമെന്ന് രോഗി ഓഡിയോയില്‍ അപേക്ഷിക്കുന്നുമുണ്ട്.
ഇയാള്‍ക്ക് മികച്ച ചികിത്സയോ വെന്റിലേറ്റര്‍ സൗകര്യമോ ഒരുക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. പണം എത്തിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് ആശുപത്രി അധികൃതര്‍ വെന്റിലേറ്റര്‍ സഹായം നല്‍കാതിരുന്നതെന്നും മെഡിക്കല്‍ കോളെജിനെതിരെ ബൈ ഹൈക്കിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായോ എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ഹാരിസിന്റെയും ബന്ധുക്കളുടേയും മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. മരണസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടേയും മൊഴിയെടുക്കും.