ഊതിവീർപ്പിച്ച തലക്കെട്ടുകളാണ് വിമർശനമുണ്ടാക്കിയത്, ഞാൻ പറഞ്ഞത് ഒരു വലിയ പ്രശ്നത്തെക്കുറിച്ച്: വിജയ് യേശുദാസ്

 ഊതിവീർപ്പിച്ച തലക്കെട്ടുകളാണ് വിമർശനമുണ്ടാക്കിയത്, ഞാൻ പറഞ്ഞത് ഒരു വലിയ പ്രശ്നത്തെക്കുറിച്ച്: വിജയ് യേശുദാസ്

മലയാള സിനിമയിൽ ഇനി പാടില്ല എന്ന് ​ഗായകൻ വിജയ് യേശുദാസ് പറഞ്ഞെന്ന വാർത്ത സോഷ്യൽ മീഡിയയിലടക്കം ഏറെ വൈറലായിരുന്നു. സ്വതന്ത്ര സം​ഗീത സൃഷ്ടികൾക്കായി കൂടുതൽ പ്രവർത്തിക്കുമെന്നും മലയാള സിനിമയിൽ പാടുന്നത് കുറയ്ക്കുമെന്നും വിജയ് ഒരു അഭിമുഖത്തിൽ പറഞ്ഞതിന്റെ തുടർച്ചയായിരുന്നു വാർത്തകളിലേറെയും. ​ഈ വിഷയത്തിൽ വ്യാപകമായി വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ തെറ്റായ തലക്കെട്ടുകളുടെ പ്രേരണയിലാണ് നെ​ഗറ്റീവ് അഭിപ്രായങ്ങൾ ഉയർന്നതെന്ന് പറയുകയാണ് ​വിജയ്.

“ആ അഭിമുഖം പൂർണ്ണമായി വായിക്കുകയാണെങ്കിൽ ഞാൻ ഒരു വലിയ പ്രശ്നത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഊതിവീർപ്പിച്ചുണ്ടാക്കിയ തലക്കെട്ടാണ് ഓൺലൈനിൽ ഇത്രയധികം വിരോധമുണ്ടാക്കിയത്. എന്റെ മൂല്യങ്ങളെ വിലമതിക്കാത്ത ഒരു ഇൻഡസ്ട്രിയിൽ പ്രവർത്തിക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്.

അതിനെ അഭിനന്ദിക്കുന്ന ധാരാളം പേരുണ്ട്, അവർക്കൊപ്പം ഞാൻ ഇനിയും പ്രവർത്തിക്കും. സിനിമയിൽ നിന്നും പിന്നണി ​ഗാനരം​ഗത്തു നിന്നും എന്റെ സാന്നിധ്യം കുറയ്ക്കുമെന്ന് ഞാൻ പറഞ്ഞു.‌ അത് മാത്രമല്ല സം​ഗീതം. മലയാളത്തിലെ സ്വതന്ത്ര സം​ഗീത മേഖലയിൽ ഞാൻ സജീവമാകും”, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വിജയ് പറഞ്ഞു.

താൻ അനുഭവിക്കുന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധിപ്പേരുണ്ടെന്നും വിജയ് പറഞ്ഞു. കഴിവ് തെളിയിച്ച സം​ഗീത രം​ഗത്തെ പലരും നിലനിൽപ്പിനായി പോരാടുകയാണ്. അർഹരായവർക്ക് ശ്രദ്ധയും അം​ഗീകാരവും നിഷേധിക്കുന്ന ഒരു സിസ്റ്റത്തിന്റെ ഭാ​ഗമാകാൻ എനിക്ക് താത്പര്യമില്ല – വിജയ് പറഞ്ഞു.