ഞാനും മനുഷ്യ സ്ത്രീയാണ്, സമൂഹത്തില്‍ എനിക്കും ജീവിക്കാന്‍ അവകാശമില്ലേ? ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു

 ഞാനും മനുഷ്യ സ്ത്രീയാണ്, സമൂഹത്തില്‍ എനിക്കും ജീവിക്കാന്‍ അവകാശമില്ലേ? ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എറണാകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ സജ്‌നയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷമങ്ങള്‍ പങ്കുവച്ചിതന് ശേഷമാണ് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ കുറിച്ച്‌ തെറ്റിദ്ധാരണ പരത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതില്‍ മാനസികമായി ക്ലേശമനുഭവിച്ചിരുന്നു സജ്‌നയെന്ന് കുറിപ്പില്‍ പറയുന്നു. അതിന്റെ സത്യമെന്തെന്ന് അറിയാതെയാണ് പലരും തന്നെ അവഹേളിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സജ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്നാണ് സജ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഐസിയുവിലാണെന്നും വൈകീട്ടോടെ മാത്രമെ ആരോഗ്യ നിലയെ കുറിച്ച്‌ കൂടുതല്‍ പറയാന്‍ സാധിക്കുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വളരെയേറെ വിഷമത്തോടെയാണ് ഞാനീ കുറിപ്പ് എഴുതുന്നത്, എന്നെ സ്‌നേഹിക്കുന്ന വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സന്നദ്ധസംഘടന നേതാക്കളോടും, സുഹൃത്തുക്കളോടും, വിവിധ ദൃശ്യമാദ്ധ്യമങ്ങളോടുമായി വീണ്ടും പറയുന്നു ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ഇന്ന് എന്റെ വോയിസ് ക്ലിപ്പ് എഡിറ്റ് ചെയ്ത് ഒരു പറ്റം സമൂഹമാദ്ധ്യമങ്ങള്‍ എന്നെ ആക്ഷേപിക്കുകയുണ്ടായി, അതിന്റെ പരിപൂര്‍ണ സത്യം എന്തെന്ന് അറിയാതെയാണ് സമൂഹത്തില്‍ തന്നെ കുറിച്ച്‌ തെറ്റിദ്ധാരണ പരത്തുന്നരീതിയില്‍ വോയിസ് സന്ദേശം പ്രചരിപ്പിക്കുന്നത്,

തന്നെ നിരന്തരം ആക്ഷേപിക്കുക മാത്രമാണ് അവരുടെ ഉദ്ദേശം, ഞാന്‍ അത്തരം സംഭാഷണം നടത്തി എന്നത് ശരിയാണ് അത് ഞാന്‍ നിക്ഷേധിക്കുന്നില്ല എന്നാല്‍ മുഴുവന്‍ വശം അറിയാതെ ഏതാനും ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരണം നടക്കുന്നത്, തന്നെ പോലെ തന്നെ കഷ്ടതകള്‍ അനുഭവിക്കുന്ന സഹപ്രവര്‍ത്തകയ്ക്ക് തനിക്ക് കിട്ടുന്നതില്‍ നിന്നും സഹായം ചെയ്യാമെന്ന് കരുതിയാണ് പറഞ്ഞത് സഹായിക്കാന്‍ കാണിച്ച മനസ്സിനെയാണ് നിങ്ങള്‍ കരയിച്ചത്,

ഇനി ഞാന്‍ എന്താ വേണ്ടേ മരിക്കണോ, അപ്പോഴും സമൂഹത്തോട് ഒന്നേ ചോദിക്കാനുള്ളൂ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ആരെയും ആശ്രയിക്കാതെ സ്വയം തൊഴില്‍ ചെയ്ത് കൂടെയുള്ളവര്‍ക്ക് തൊഴിലും നല്‍കി,

ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആഹാരവും നല്‍കിയാണ് ജീവിതം മുന്നോട്ട് പോകുന്നത് സ്വന്തമായി വീടില്ല, വാടകയ്ക്കാണ് കഴിയുന്നത്, ഒരു അപേക്ഷയുണ്ട് എന്നെ സഹായിക്കേണ്ട പക്ഷെ ഉപദ്രവിക്കരുത്, ഞാനും മനുഷ്യ സ്ത്രീയാണ്, സമൂഹത്തില്‍ എനിക്കും ജീവിക്കാന്‍ അവകാശമില്ലേ?