നിലമ്പൂര്‍ സ്വദേശികളുടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് ഒറ്റ ഡോസിന് 15 കോടി രൂപയുള്ള മരുന്ന് !

കോഴിക്കോട്: ഒറ്റ ഡോസിന് 15.592 കോടി രൂപ ! ലോകത്തില്‍ ഏറ്റവും വിലക്കൂടുതലുള്ള മരുന്നുകളിലൊന്നായ സോള്‍ഗെന്‍സ്മ ഇന്‍ജക്ഷന്റെ ഒരു ഡോസിന്റെ വിലയാണിത്. കോഴിക്കോട് ആശുപത്രിയില്‍ അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നിലമ്പൂര്‍ സ്വദേശികളുടെ 23 മാസം പ്രായമുള്ള കുഞ്ഞിനാണ് ഈ വില കൂടിയ മരുന്ന് നല്‍കിയത്. അതും തീര്‍ത്തും സൗജന്യമായി.
ടൈപ്പ് 2 സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലാണ് കുട്ടി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയുടെ ചികിത്സ. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിനെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹൻലാലാണ് ചികിത്സിച്ചത് . ചികിത്സയ്ക്ക് ശേഷം കുഞ്ഞ് ആശുപത്രി വിട്ടു.
പൂര്‍ണ ഫലപ്രാപ്തി ലഭിക്കുമോ എന്നത് ഇപ്പോള്‍ വിലയിരുത്താറായിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എസ്.എം.എ. രോഗാവസ്ഥയിലുള്ള കുട്ടികള്‍ക്ക് അസ്ഥിക്ഷയം, ചലനശേഷി ഇല്ലാത്ത അവസ്ഥ എന്നിവ കാണാറുണ്ട്. രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് മാത്രമെ ഈ ഇഞ്ചക്ഷന്‍ നല്‍കാന്‍ അനുമതിയുള്ളു. ഇന്ത്യയില്‍ ഇതുവരെ 5 കുട്ടികള്‍ക്ക് മാത്രമാണ് ഈ മരുന്ന് നല്‍കിയിട്ടുള്ളത്. ഒരു കുട്ടിക്ക് ഒരു തവണ മാത്രമെ മരുന്ന് നല്‍കാവു.
സ്വിറ്റ്സർലൻഡ് കേന്ദ്രമായുള്ള ബഹുരാഷ്ട്ര മരുന്നുകമ്പനിയുമായി ഡോ. സ്മിലുവും മിംസ് ആശുപത്രി അധികൃതരും ബന്ധപ്പെടുന്നത് ശിശുരോഗവിദഗ്ധരുടെ അന്താരാഷ്ട്രസംഘടന വഴിയാണ് . മരുന്ന് കമ്പനിയുടെ പേര് വെളിപ്പെടുത്തരുതെന്ന് ഡോക്ടറുമായി കരാറുണ്ട്. ഉത്പാദകരായ ആഗോള വമ്പൻ മരുന്നുകമ്പനിയുടെ ദീനാനുകമ്പാ പദ്ധതിപ്രകാരം സൗജന്യമായി കുട്ടിക്ക് മരുന്ന് ലഭിക്കുകയായിരുന്നു.