കോവിഡ് കുട്ടികള്‍ക്ക് ഭീഷണി, 11കാരിയുടെ തലച്ചോറിലെ ഞരമ്പിന് ക്ഷതം, കാഴ്ച നഷ്ടപ്പെട്ടു, ഇന്ത്യയിലെ ആദ്യ കേസ്

ഡല്‍ഹി: രാജ്യത്ത് ആദ്യമായി കോവിഡ് മൂലം കുട്ടിയുടെ തലച്ചോറിലെ ഞരമ്പിന് ക്ഷതം സംഭവിച്ചതായി റിപ്പോര്‍ട്ട്. എയിംസില്‍ ചികിത്സയില്‍ കഴിയുന്ന 11കാരിയുടെ തലച്ചോറിലെ ഞരമ്പിനാണ് കോവിഡ് മൂലം ക്ഷതം സംഭവിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുളള വിവരങ്ങള്‍ തയ്യാറാക്കി വരികയാണ് എയിംസിലെ ന്യൂറോളജി വിഭാഗം.
കുട്ടികളില്‍ ആദ്യമായാണ് കോവിഡ് മൂലം ഇത്തരത്തിലുളള ഗുരുതരമായ സാഹചര്യം കണ്ടെത്തിയതെന്ന് എയിംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിലെ ഞരമ്പിന് ക്ഷതം സംഭവിക്കുന്ന അക്യൂട്ട് ഡെമിലിനേറ്റിംഗ് സിന്‍ഡ്രോമാണ് കുട്ടിയെ ബാധിച്ചത്. കോവിഡ് മൂലമാണ് ഈ രോഗം ഉണ്ടയത്. ഈ രോഗത്തിന്റെ പാര്‍ശ്വഫലമായി കുട്ടിക്ക് കാഴ്ച വൈകല്യം സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തലച്ചോറിലെ ഞരമ്പുകള്‍ക്ക് സംരക്ഷണ കവചം നല്‍കുന്നത് മൈലിന്‍ എന്ന ആവരണമാണ്. ഇതാണ് സന്ദേശങ്ങള്‍ കൈമാറുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. മൈലിന് ക്ഷതം സംഭവിക്കുന്ന അവസ്ഥയാണ് അക്യൂട്ട് ഡെമിലിനേറ്റിംഗ് സിന്‍ഡ്രം. കാഴ്ച, പേശികളുടെ ചലനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ മൈലിനുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
കാഴ്ച നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് കൊണ്ടാണ് കുട്ടി ചികിത്സ തേടി എത്തിയത്. തുടര്‍ന്ന് എംആര്‍ഐ സ്‌കാന്‍ നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കോവിഡ് അനുബന്ധ രോഗമാണിതെന്ന് തിരിച്ചറിഞ്ഞത്. കാഴ്ചവൈകല്യം 50 ശതമാനം പരിഹരിച്ചാല്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്ത് വിട്ടയ്ക്കുമെന്ന് എയിംസിലെ കുട്ടികളുടെ ന്യൂറോളജി വിഭാഗം പറയുന്നു.