‘ഭൂതകാലത്തിൽ നിന്നും പഠിക്കുക.. വർത്തമാനത്തിൽ ജീവിക്കുക.. ഭാവിക്കായി പ്രതീക്ഷ വയ്ക്കുക’! ബാങ്ക് കവർച്ചക്കേസിലെ പ്രതിയുടെ ടീഷർട്ടിൽ മോട്ടിവേഷൻ വാചകങ്ങൾ; അതിനനുസരിച്ച് ജീവിക്കാൻ ശ്രമിച്ചതാണോയെന്ന് സോഷ്യൽമീഡിയ

 ‘ഭൂതകാലത്തിൽ നിന്നും പഠിക്കുക.. വർത്തമാനത്തിൽ ജീവിക്കുക.. ഭാവിക്കായി പ്രതീക്ഷ വയ്ക്കുക’! ബാങ്ക് കവർച്ചക്കേസിലെ പ്രതിയുടെ ടീഷർട്ടിൽ മോട്ടിവേഷൻ വാചകങ്ങൾ; അതിനനുസരിച്ച് ജീവിക്കാൻ ശ്രമിച്ചതാണോയെന്ന് സോഷ്യൽമീഡിയ

ആലപ്പുഴ:  ഒരു കവർച്ചാ കേസിലെ പ്രതിയുടെ ടീഷര്‍ട്ടിലെ വാചകങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആലപ്പുഴ കരുവാറ്റ സർവ്വീസ് സഹകരണബാങ്ക് കവർച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ആൽബിൻ രാജിന്‍റെ (37) ടീ ഷർട്ടിലെ വാചകങ്ങളിലാണ് സോഷ്യൽ മീഡിയയുടെ കണ്ണുടക്കിയിരിക്കുന്നത്

. ‘ഭൂതകാലത്തിൽ നിന്നും പഠിക്കുക.. വർത്തമാനത്തിൽ ജീവിക്കുക.. ഭാവിക്കായി പ്രതീക്ഷ വയ്ക്കുക’ എന്ന വാചകങ്ങളടങ്ങിയ ടീ ഷർട്ടായിരുന്നു അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ ഇയാൾ ധരിച്ചിരുന്നത്. ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ടീ ഷർട്ടിലെ വാചകങ്ങൾ അനുസരിച്ച് ജീവിക്കാന്‍ ശ്രമിച്ചതാണോയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ബാങ്ക് മോഷണക്കേസ് പ്രതിയായ തിരുവനന്തപുരം കാട്ടാക്കട കട്ടകോട്‌ പാറക്കണ്ണി മേകക്കുംകരയില്‍ ആല്‍ബിനെ കോയമ്പത്തൂരിൽ നിന്ന് അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മാസം മൂന്നാം തീയതിയായിരുന്നു കരുവാറ്റ സര്‍വീസ്‌ സഹകരണ ബാങ്കില്‍നിന്നു നാലരക്കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയും മോഷണം പോയത്‌.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. രണ്ടും മൂന്നും പ്രതികളായ ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളി വീട്ടില്‍ ഷൈബു(അപ്പുണ്ണി-39), തിരുവനന്തപുരം കാട്ടാക്കട മേലെ പ്ലാവിട വീട്ടില്‍ ഷിബു(43) എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.