അത്താഴത്തിന് മുട്ടക്കറിയില്ല; യുവാവ് സുഹ്യത്തിനെ അടിച്ചു കൊന്നു 

 അത്താഴത്തിന് മുട്ടക്കറിയില്ല; യുവാവ് സുഹ്യത്തിനെ അടിച്ചു കൊന്നു 

നാഗ്പുര്‍ : അത്താഴത്തിന് മുട്ടക്കറി പാചകം ചെയ്യാത്തതിന് യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. നാഗ്പുരിലെ മങ്കാപുരിലായിരുന്നു സംഭവം. മങ്കാപുരിയില്‍ താമസിക്കുന്ന ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗൗരവ് ഗെയ്ക്ക് വാദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെയാണ് മങ്കാപുരിലെ ഒരു ഗ്യാരേജിന് സമീപം ബനാറസിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തായ ഗൗരവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് ഗൗരവ് പോലീസിനോട് പറഞ്ഞു. ബനാറസി തന്നെയാണ് വെള്ളിയാഴ്ച രാത്രി ഗൗരവിനെ അത്താഴവിരുന്നിന് ക്ഷണിച്ചത്. രാത്രി വൈകുവോളം ഇരുവരും മദ്യപിച്ചു. തുടര്‍ന്ന് ഭക്ഷണം കഴിക്കാനൊരുങ്ങവെയാണ് മുട്ടക്കറി പാകം ചെയ്തിട്ടില്ലെന്ന് ബനാറസി പറഞ്ഞത്.

ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും വലിയ വടി കൊണ്ട് ഗൗരവ് സുഹൃത്തിനെ അടിച്ചുകൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു.