തളര്‍ന്നു പോയവളെ താങ്ങിനിര്‍ത്തിയ നന്മ! ഗോപകുമാറിന്റെ നല്ല മനസിന് 100 പൂജ ബമ്പര്‍ ടിക്കറ്റ് സമ്മാനം

 തളര്‍ന്നു പോയവളെ താങ്ങിനിര്‍ത്തിയ നന്മ! ഗോപകുമാറിന്റെ നല്ല മനസിന് 100 പൂജ ബമ്പര്‍ ടിക്കറ്റ് സമ്മാനം

വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കിയ ധന്യയ്ക്ക് താലി ചാര്‍ത്തി ജീവിതത്തില്‍ ഒപ്പം ചേര്‍ത്ത ലോട്ടറി വില്‍പനക്കാരന്‍ ഗോപകുമാറിന്റെ നന്മയ്ക്ക് 100 പൂജാ ബംപര്‍ ടിക്കറ്റുകള്‍ സമ്മാനം. നന്മയുള്ള മനസ്സും പരസ്പര സ്‌നേഹവുമാണ് ഒരുമിച്ചു ജീവിക്കാന്‍ വേണ്ടതെന്നു തിരിച്ചറിഞ്ഞ് ശാരീരിക പരിമിതികളുള്ള ധന്യയെ ജീവിതത്തിലേക്കു സ്വീകരിച്ച ഗോപകുമാറിനു ജേസി ഫൗണ്ടേഷനാണ് ബംപര്‍ ടിക്കറ്റുകള്‍ സമ്മാനിച്ചത്.

ജേസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെ.ജെ.കുറ്റിക്കാട്ട്, ആലപ്പി അഷ്‌റഫ്, ശിവന്‍ മഠത്തില്‍, തോമസ് കളത്തിപ്പറമ്പില്‍ എന്നിവര്‍ ഗോപകുമാറിന്റെയും ധന്യയുടെയും വീട്ടിലെത്തിയാണ് പൂജാ ബംപര്‍ ടിക്കറ്റുകള്‍ കൈമാറിയത്.

ആരക്കുഴ ഇഞ്ചിക്കണ്ടത്തില്‍ സെല്‍വരാജിന്റെ മകന്‍ ഗോപകുമാറിന്റെയും മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ ഹൈ സ്‌കൂളിന് സമീപം പുറമടത്തോട്ടത്തില്‍ ഗോപിനാഥന്റെ മകള്‍ ധന്യയുടെയും വിവാഹം വാര്‍ത്തയായതോടെയാണ് ജേസി ഫൗണ്ടേഷന്‍ ഭാരവാഹികളുടെ ശ്രദ്ധയില്‍പെട്ടത്.

ജേസി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലോട്ടറി ടിക്കറ്റ് എന്ന സിനിമയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്നലെ ജേസി ഫൗണ്ടേഷന്‍ ചെയര്‍മാനും മറ്റും ഗോപകുമാറിനെയും ധന്യയെയും നേരില്‍ കണ്ട് ആദരിച്ചത്.