പാര്‍ട്ടി വിട്ട് ബിജെപിയിലെത്തി, ഷാള്‍ അണിഞ്ഞ് സ്വീകരണമൊക്കെ ഏറ്റുവാങ്ങി 24 മണിക്കൂര്‍ തികയും മുമ്പെ നേതാവ് യൂത്ത് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി, അമ്പരന്ന് നേതാക്കള്‍

 പാര്‍ട്ടി വിട്ട് ബിജെപിയിലെത്തി, ഷാള്‍ അണിഞ്ഞ് സ്വീകരണമൊക്കെ ഏറ്റുവാങ്ങി 24 മണിക്കൂര്‍ തികയും മുമ്പെ നേതാവ് യൂത്ത് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി, അമ്പരന്ന് നേതാക്കള്‍

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ ആസ്ഥാനത്തെത്തി ഷാൾ അണിഞ്ഞ് സ്വീകരണമൊക്കെ ഏറ്റുവാങ്ങിയെങ്കിലും 24 മണിക്കൂർ തികയും മുൻപ് നേതാവ് യൂത്ത് കോൺഗ്രസിലേക്ക് തിരിച്ചെത്തി.

ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മുദാക്കൽ സ്വദേശിയായ എം. മിഥുനാണ് യൂത്ത് കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിയത്. ബിജെപി തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അധ്യക്ഷൻ വി. വി രാജേഷാണ് മിഥുനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. കോൺഗ്രസിന്റെ അവസാര വാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുൻ ബിജെപിയിൽ ചേർന്നതെന്ന് വി.വി രാജേഷ് പറഞ്ഞു.

അതിനിടെ നേതാവ് സദാചാരവിരുദ്ധ പ്രവർത്തനം നടത്തിയതായി പരാതി വന്നെന്നും തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തതായും യൂത്ത് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഇതിന് പിന്നാലെ പാർട്ടി മാറിയതിൽ വിശദീകരണവുമായി മിഥുൻ രംഗത്തെത്തി.

പെട്ടെന്നുണ്ടായ മാനസിക സമ്മർദത്തിന്റെ പേരിലാണ് ആ സംഭവം ഉണ്ടായതെന്ന് മിഥുൻ പറഞ്ഞു. തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ട്. നേതാക്കളെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കണം. മാനസിക സമ്മർദം ചെലുത്തിയാണ് ബിജെപി തന്നെ ക്ഷണിച്ചതെന്നും സംസാരിക്കാൻ പോലും അവസരം നൽകിയില്ലെന്നും മിഥുൻ വിശദീകരിച്ചു.