ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം വയറു കീറി കുഞ്ഞിനെ പുറത്തെടുത്തു, സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ച് അമേരിക്ക; അതും നീണ്ട 67 വർഷങ്ങൾക്കു ശേഷം

 ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം വയറു കീറി കുഞ്ഞിനെ പുറത്തെടുത്തു, സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ച് അമേരിക്ക; അതും നീണ്ട 67 വർഷങ്ങൾക്കു ശേഷം

വാഷിംഗ്ടൺ: നീണ്ട ഇടവേളയ്ക്ക് ശേഷം അമേരിക്കയിൽ ഒരു വനിതയുടെ വധശിക്ഷ നിശ്ചയിച്ചു. നീണ്ട 67 വർഷങ്ങൾക്ക് ശേഷമാണ് ഒരു വനിതയെ അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കുന്നത്. 2004ൽ ഗർഭിണിയായ സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്ന കേസിലാണ് ലിസ മോണ്ട്ഗോമറിയെന്ന സ്ത്രീയെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഡിസംബർ എട്ടിനാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്മെന്റാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇതിനുമുമ്പ് 1953ലാണ് അമേരിക്കയിൽ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കിയത്. ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്ററിന്റെ റിപ്പോർട്ട് അനുസരിച്ച് മിസോറിയിലെ ഗ്യാസ് ചേംബറിൽ വച്ച് വധശിക്ഷയ്ക്ക് വിധേയയായ ബോണി ഹെഡിയാണ് അമേരിക്കയിൽ ഏറ്റവും അവസാനമായി വധശിക്ഷയ്ക്ക് വിധേയയായ സ്ത്രീ. തട്ടിക്കൊണ്ടു പോകുക, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ആയിരുന്നു അന്ന് അവർ ചെയ്തത്. ഈ കുറ്റങ്ങൾ ചെയ്ത അവരെ വധശിക്ഷയ്ക്ക് വിധിക്കുകയും മിസോറിയിലെ ഗ്യാസ് ചേംബറിൽ വച്ച് വധശിക്ഷ നടപ്പാക്കുകയും ആയിരുന്നു.

1999ൽ രണ്ട് യുവ മന്ത്രിമാരെ കൊലപ്പെടുത്തിയ കേസിൽ ബ്രാൻഡൻ ബർണാർഡിന്റെ വധശിക്ഷയും ഡിസംബറിൽ നടപ്പാക്കും. വധശിക്ഷ പുനരാരംഭിക്കുമെന്ന് കഴിഞ്ഞവർഷം ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഗർഭിണിയായ ബോബി ജോ സ്റ്റിനറ്റ് എന്ന യുവതിയെ കൊലപ്പെടുത്തിയതാണ് ലിസയ്ക്ക് എതിരെയുള്ള കേസ്. 2004 ഡിസംബറിൽ നായക്കുട്ടിയെ വാങ്ങാനെന്ന രീതിയിലാണ് മിസോറിയിലെ ബോബി ജോ സ്റ്റിനറ്റിന്റെ വീട്ടിലെത്തിയത്. എന്നാൽ വീട്ടിനുള്ളിൽ എത്തിയ ലിസ എട്ടുമാസം ഗർഭിണി ആയിരുന്ന സ്റ്റിന്നറ്റിനെ ആക്രമിക്കുകയായിരുന്നു. സ്റ്റിന്നറ്റിന് ബോധം മറയുന്ന സമയം വരെ അവരെ ആക്രമിച്ചിരുന്നു.

പിന്നീട്, അടുക്കളയിൽ നിന്ന് ഒരു കത്തിയെടുത്ത് സ്റ്റിന്നന്റെ വയറ് മുറിക്കാൻ ആരംഭിച്ചു. ഇതിനിടയിൽ ബോധം വന്ന സ്റ്റിന്നൻ എഴുന്നേൽക്കുകയും തുടർന്ന് ഇവർ തമ്മിൽ ഒരു പോരാട്ടം നടക്കുകയും ചെയ്തു. തുടർന്ന് ലിസ സ്റ്റിന്നനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെ കുഞ്ഞിനെ സ്റ്റിന്നന്റെ ശരീരത്തിൽ നിന്ന് വേർപെടുത്തി തന്നോടൊപ്പം കൊണ്ടു പോകുകയും ചെയ്തു. തുടർന്ന് ഇത് തന്റെ സ്വന്തം കുഞ്ഞാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.