ചേട്ടന്റെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാത്രം ജനിച്ചിരിക്കുന്ന ഒരു അനിയത്തി കുട്ടിയുടെ കഥയാണ് ഇത്. ഇന്ത്യയിലെ ആദ്യത്തെ സേവ്യർ സിബ്ലിങ് !

 ചേട്ടന്റെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാത്രം ജനിച്ചിരിക്കുന്ന ഒരു അനിയത്തി കുട്ടിയുടെ കഥയാണ് ഇത്. ഇന്ത്യയിലെ ആദ്യത്തെ സേവ്യർ സിബ്ലിങ് !

രാജ്യത്ത് ആദ്യമായി പരീക്ഷിച്ചു വിജയിച്ചിരിക്കുകയാണ് “സേവ്യർ സിബ്ലിങ്” എന്ന ആശയം. ഒരു വയസ്സുള്ള കാവ്യ എന്ന കൊച്ചുകുട്ടിയാണ് അവളുടെ സഹോദരന് ബോൺമാരോ നൽകിക്കൊണ്ട് ചേട്ടന്റെ ജീവൻ രക്ഷിച്ചിരിക്കുന്നത്. ഒരു വർഷത്തിനു മുൻപാണ് കാവ്യ ഇൻവിട്രോ ഫെർട്ടിലൈസേഷൻ വഴി ജനിക്കുന്നത്. അഭിജിത്ത് സോളങ്കി എന്ന സഹോദരനെ ആണ് ഇൗ അനിയത്തികുട്ടി ഇപ്പോൾ രക്ഷിച്ചിരിക്കുന്നത്.

തലസ്സേമിയ എന്ന അസുഖം ബാധിച്ച കുട്ടി ആയിരുന്നു അഭിജിത്ത്. അഭിജിത്തിന്റെ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ രക്തം മാറ്റേണ്ട അവസ്ഥയും ഉണ്ടായിരുന്നു.

2013 വർഷത്തിൽ ആണ് അഭിജിത് ജനിക്കുന്നത്. എന്നാൽ സാധാരണ കുട്ടികളെ പോലെ ആയിരുന്നില്ല അഭിജിത്ത്, വളർച്ച വളരെ കുറവായിരുന്നു. പിന്നീടാണ് തലസ്സേമിയ എന്ന അസുഖം ആണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത് എന്ന കാര്യം വീട്ടുകാർ മനസ്സിലാക്കുന്നത്. ആദ്യം ഓരോ 25 ദിവസം കഴിയുമ്പോഴും രക്തം മാറ്റേണ്ട ആവശ്യം ഉണ്ടായിരുന്നു, പിന്നീട് അഭിജിത്ത് വളരുന്നതിനനുസരിച്ച് രണ്ട് രക്ത മാറ്റങ്ങൾക്ക് ഇടയിലുള്ള ദിവസങ്ങളുടെ എണ്ണവും കുറഞ്ഞുവന്നു. ആറു വയസ്സിനിടെ 80 തവണയാണ് അഭിജിത്തിന്റെ രക്തം മാറ്റിയത്. അഭിജിത്തിനെ രക്ഷിക്കാൻ ഒരേ ഒരു മാർഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത് – ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ അഥവാ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ.

അഭിജിത്തിന് വേണ്ടി മജ്ജ നൽകുവാൻ കുടുംബത്തിലുള്ളവർ തയ്യാറായിരുന്നു. എന്നാൽ ഇവരുടെ ഹ്യൂമൻ ലൂക്കോസൈറ്റ് ആന്റിജൻ (എച്ച്.എൽ.എ) അഭിജിത്തിന്റെതുമായി ഒത്തുപോയില്ല.

തുടർന്നാണ് സേവ്യർ സിബ്ലിങ് എന്ന ആശയത്തിലേക്ക് ഇവർ എത്തുന്നത്. അഹമ്മദാബാദിലെ നോവ ഐവിഎഫ് ഫെർട്ടിലിട്ടി ക്ലിനിക് ആണ് ഈ ദൗത്യത്തിന് നേതൃത്വം വഹിച്ചത്. ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ ഒരു ആശയം രാജ്യത്ത് നടപ്പിലാക്കുവാൻ പോകുന്നത്.

അഭിജിത്തിന്റെതുമായി ഒത്തുപോകുന്ന എച്ച്.എൽ.എ ലഭിക്കുന്നതിനു വേണ്ടി 18 ഭ്രൂണങ്ങളിൽ ആണ് ഇവർ പരീക്ഷണം നടത്തിയത്. 18 ഭ്രൂണങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് കൃത്യമായി എച്ച്.എൽ.എ. ഒത്തു പോയത്. അപ്‌ലാ സോളാങ്കി എന്ന സ്ത്രീയുടെ ഗർഭപാത്രത്തിൽ ആയിരുന്നു ഈ ഭ്രൂണം പിന്നീട് നിക്ഷേപിക്കപ്പെടുന്നതും, കാവ്യ എന്ന പെൺകുഞ്ഞ് ജനിക്കുന്നതും.

കാവ്യ ജനിച്ചതിനു ശേഷം പിന്നീട് ഒരുപാട് നാളുകൾ ഇവർ കാത്തിരുന്നു. കുഞ്ഞിന് കുറഞ്ഞത് പത്ത് കിലോ എങ്കിലും തൂക്കം വന്നതിനു ശേഷം മാത്രമേ ബോൺമാരോ എടുക്കുവാൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ മാർച്ച് 17ന് ആയിരുന്നു മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. അതിനു ശേഷം പിന്നീട് ഒരു തവണപോലും അഭിജിത്തിന് രക്തം മാറ്റേണ്ട ആവശ്യം വന്നില്ല. ഇപ്പോൾ ഈ അസുഖത്തിൽ നിന്നും പൂർണമായി അഭിജിത്ത് മുക്തനായിരിക്കുകയാണ്.