എല്‍ഡിഎഫിലേക്ക് എന്‍റെ പട്ടി പോകും, എന്നോട് ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത്. എന്റെ സ്വഭാവം അറിയാമല്ലോ; പൂഞ്ഞാര്‍ പുലി പറയുന്നു

കൊച്ചി: കെ.എം. മാണിയുടെ വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രം കണ്ടിട്ടുണ്ടെന്നു പി.സി.ജോര്‍ജ് എംഎൽഎ. നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്നു പുറംലോകം അറിഞ്ഞതെങ്ങനെയെന്നും ജോര്‍ജ് പറയുന്നു.
ജോര്‍ജ് പറയുന്നത് ഇങ്ങനെ:
ബാർക്കോഴയായി പണം കൊടുക്കാൻ വന്ന മുതലാളിമാർ വരുന്ന വഴി ബാറിൽ കയറി ഒന്നു മിനുങ്ങി. ഇത്ര ലക്ഷം പെട്ടിയിലിരിക്കയല്ലേ എന്നു കരുതി അതിൽ നിന്നും പണം എടുത്ത് ബാറിലെ ബില്ലും അടച്ചു. പതിനായിരം കുറഞ്ഞാൽ മാണി സാർ എങ്ങനെ അറിയാനാ എന്ന് അവർ ചിന്തിച്ചു.
അങ്ങനെ അവർ മാണിയുടെ വീട്ടിലെത്തി പണവും കൊടുത്തു മടങ്ങി. പണം കൊടുത്ത് മടങ്ങി ഒരു 50 മീറ്റർ പോയി കാണും അപ്പോഴേക്കും വിളി വരുന്നു. ഇതിൽ പതിനായിരം കുറവുണ്ടല്ലോ എന്ന്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്താൻ യന്ത്രമല്ലാതെ എന്താണുള്ളത്. അവിടെ നോട്ടെണ്ണുന്ന യന്ത്രമുണ്ട്. പി.സി ജോർജ് പറയുന്നു. ചര്‍ച്ചയില്‍ മറ്റൊരിടത്ത് ആ യന്ത്രം താന്‍ കണ്ടതാണെന്നും ജോര്‍ജ് പറയുന്നു.
‘താങ്കൾ ഇപ്പോൾ ഒരു മുന്നണിയിലും ഇല്ലല്ലോ, ജോസ് കെ മാണിയെ പോലെ ഇടതുപക്ഷത്തേക്ക് പോകാൻ വല്ല തീരുമാനവുമുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: എന്റെ പട്ടി പോകും. എന്നോട് ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത്. എന്റെ സ്വഭാവം അറിയാമല്ലോ..’ തൊട്ടുപിന്നാലെ ജോസ് കെ മാണിയെ അഭിനന്ദിച്ച് കൊണ്ടാണ് പി.സി ജോർജ് സംസാരിച്ചത്.
‘കെ.എം മാണിയെ കോഴ മാണി എന്ന് വിളിച്ച, ഈ പാർട്ടിയെ ഇത്രയെല്ലാം പറഞ്ഞ് അപമാനിച്ച പിണറായി വിജയനെ കൊണ്ട് തന്നെ താൻ പരിശുദ്ധനാണെന്നു പറയിപ്പിച്ച ജോസ് കെ.മാണിയുടെ മിടുക്കിനെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ഇൗ തീരുമാനം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകും. കാരണം സാമ്പത്തിക നേട്ടത്തിനായി എന്തും ചെയ്യുന്ന ആളാണ് ജോസ്. മാണി സാർ കോഴ വാങ്ങിയിട്ടുണ്ടെന്ന് ഞാൻ ഉറപ്പിച്ച് പറയും- അദ്ദേഹം പറഞ്ഞു.