കോവിഡ് പോസിറ്റീവായ 24 വയസ്സുകാരിയായ ‘കൊറോണ’ പ്രസവിച്ചു, പെണ്‍കുഞ്ഞ് !

 കോവിഡ് പോസിറ്റീവായ 24 വയസ്സുകാരിയായ ‘കൊറോണ’ പ്രസവിച്ചു, പെണ്‍കുഞ്ഞ് !

കൊല്ലം:  കോവിഡ് പോസിറ്റീവായ ‘കൊറോണക്ക്’ പെൺകുഞ്ഞ്. മതിലിൽ ഗീതാമന്ദിരത്തിൽ ജിനു സുരേഷിന്റെ ഭാര്യ കൊറോണയാണ് കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

24 വയസ്സുകാരിയായ കൊറോണയുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത് . ഗർഭസംബന്ധമായ പതിവുപരിശോധനയ്ക്ക് എത്തിയപ്പോൾ നടത്തിയ സ്രവപരിശോധനയിലാണു കൊറോണയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഈ മാസം 10ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച പുലർച്ചെ 2.30 നായിരുന്നു പ്രസവം. കാട്ടു എന്ന പേരിൽ അറിയപ്പെടുന്ന കൊല്ലം മതിലിൽ കാട്ടുവിള വീട്ടിൽ ആർട്ടിസ്റ്റ് തോമസിന്റെ ഇരട്ട മക്കളാണു കൊറോണയും കോറലും.

പ്രകാശവലയം എന്ന അർഥത്തിലാണു മകൾക്കു ഇവർ കൊറോണ എന്ന പേരിട്ടത്. പ്രവാസിയായ ജിനു നാട്ടിലുണ്ട്. കൊറോണ – ജിനു ദമ്പതികളുടെ മൂത്തമകൻ അർണബ് (5). ഇവർക്ക് കൊറോണ എന്നതു മകളുടെ പേരിൽ അവസാനിക്കുന്നില്ല. തോമസിന്റെ ഭാര്യ ഷീബ നടത്തിയിരുന്ന ബ്യൂട്ടി പാർലറിന്റെ പേരും കൊറോണ എന്നാണ്.