ഷോർട്ട് സർക്യൂട്ട്; സാനിട്ടൈസറിലേക്ക് തീപടർന്ന് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; എൻസിപി നേതാവ് പൊള്ളലേറ്റ് മരിച്ചു

മുംബൈ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് എൻസിപി നേതാവ് പൊള്ളലേറ്റ് മരിച്ചു. മുംബൈയിലാണ് സംഭവം. എൻസിപി നേതാവായ സഞ്ജയ് ഷിൻഡെയാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്.
മുംബൈ ആഗ്ര ഹൈവേയിലൂടെ യാത്ര ചെയ്യുന്നതിനിടെയായിരുന്നു തീപിടുത്തം ഉണ്ടായത്. ഹാൻഡ് സാനിട്ടൈസർ ഉൾപ്പെടെ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളിലേക്ക് തീ പടർന്നതാണ് കാർ ആളിക്കത്താൻ കാരണമായതെന്നാണ് വിലയിരുത്തൽ. സംഭവ സ്ഥലത്ത് വെച്ചു തന്നെ സഞ്ജയ് ഷിൻഡെ മരിച്ചു.
നാസിക്കിലെ പ്രമുഖ മുന്തിരി കയറ്റുമതിക്കാരനാണ് സഞ്ജയ് ഷിൻഡെ. മുന്തിരി തോട്ടത്തിലേക്ക് കീടനാശിനി വാങ്ങാൻ പോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. തീപിടുത്തം ഉണ്ടായപ്പോൾ കാറിൽ നിന്നും പുറത്തു കടക്കാൻ ഷിൻഡെ ശ്രമിച്ചെങ്കിലും ഡോറുകൾ ഓട്ടോമാറ്റിക്കായി അടഞ്ഞതിനാൽ ഇതിന് കഴിഞ്ഞില്ല.
ഹാൻഡ് സാനിട്ടൈസർ ഉൾപ്പെടെ എളുപ്പം തീപിടിക്കുന്ന വസ്തുക്കളുടെ സാന്നിദ്ധ്യം തീ ആളിക്കത്താൻ കാരണമായി എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.