‘ ക്രൂര ബലാത്സംഗത്തിന് ഇരയായി അശ്വതി നമ്പ്യാര്‍ കോമയിലാണ്, കൊല്ലരുത്’; ന്യായീകരണം പൊള്ളയെന്ന് ചൂണ്ടിക്കാട്ടി ഇടവേള ബാബുവിന് വിമര്‍ശനം

 ‘ ക്രൂര ബലാത്സംഗത്തിന് ഇരയായി അശ്വതി നമ്പ്യാര്‍ കോമയിലാണ്, കൊല്ലരുത്’; ന്യായീകരണം പൊള്ളയെന്ന് ചൂണ്ടിക്കാട്ടി ഇടവേള ബാബുവിന് വിമര്‍ശനം

നടി ഭാവനക്കെതിരെ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഇടവേള ബാബുവിന്റെ പ്രസ്താവനയും വിവാദത്തില്‍. ട്വന്റി 20 എന്ന ചിത്രത്തില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നുവെന്നും അതിനാലാണ് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ ‘മരിച്ചവര്‍’ എന്ന തരത്തില്‍ പരാമര്‍ശം നടത്തിയതെന്നുമുള്ള ഇടവേള ബാബുവിന്റെ ന്യായീകരണമാണ് പാളുന്നത്. ട്വന്റി 20 എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയ ഭാവന അതിന് സമാനമായി അമ്മ ഒരുക്കുന്ന പുതിയ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയായി ആയിരുന്നു ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശം.

അമ്മയുടെ ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന ലജ്ജാകമാണെന്ന് ചൂണ്ടിക്കാട്ടി നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവച്ചതോടെയായിരുന്നു ന്യായീകരണം.

എന്നാല്‍ ഭാവനയെ ഉദ്ദേശിച്ചല്ല ട്വന്റി 20യില്‍ നടി അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയെന്നാണ് പറയാന്‍ ശ്രമിച്ചതെന്ന അമ്മ ജനറല്‍ സെക്രട്ടറിയുടെ വാദവും തെറ്റാണെന്ന് തെളിഞ്ഞു. ക്രൂര ബലാത്സംഗത്തിന് ഇരയായി കോമയില്‍ കഴിയുന്ന ‘അശ്വതി നമ്പ്യാര്‍’ മരിച്ചതായി ചിത്രത്തില്‍ കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനമാണ് ഇടവേള ബാബുവിനെതിരെ ഉയരുന്നത്.

പ്രസ്താവന വിവാദമാവുകയും പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തതോടെ വിഷയം വ്യാപകമായി ചര്‍ച്ചയായി. ഇതോടെ ന്യായീകരണവുമായെത്തിയ ഇടവേള ബാബുവിന്റെ പരാമര്‍ശം വീണ്ടും വാസ്തവവിരുദ്ധമാണെന്ന് തെളിയുകയായിരുന്നു.