‘പട്ടിയും കണ്ടിയും 25 വര്‍ഷം മുമ്പ് മരിച്ചു; കക്കോടന്‍ ഇപ്പോഴും വാച്ച്മാനാണ്’; കേരളത്തില്‍ മനുഷ്യര്‍ക്ക് ഇങ്ങനെയും പേരുകളുണ്ടായിരുന്നു !

പട്ടി, കണ്ടി, കക്കോടന്‍, കക്കോടി, ചക്കി, ചണ്ടന്‍, ചങ്കന്‍, ചങ്കിലി, ചാത്ത, ചാത്തു… ഒരുകാലത്ത് കേരളമണ്ണില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ പേരുകളാണിത്. ജന്‍മിത്വത്തിന്റ അധീശത്വത്തില്‍ ഇഷ്ടമുള്ള പേരുപോലും ഇടാന്‍ അനുവാദമില്ലാതിരുന്ന കാലത്തിന്റെ ഓര്‍മ്മയും പേറി ഈ പേരുകാരില്‍ ചിലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
പാലക്കാട് ജില്ലയിലെ കണ്ണാടി ഗ്രാമത്തില്‍ ആളുകള്‍ക്ക് ഇട്ടിരുന്ന പേരുകളുടെ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ കണ്ണാടി. സമൂഹത്തില്‍ നിലനിന്നിരുന്ന വിവേചനത്തിന്റെ ആഴം ഈ പേരുകളിലൂടെ കടന്നുപോയാല്‍ കാണാന്‍ സാധിക്കും.
രാധാകൃഷ്ണന്‍ കണ്ണാടി എഴുതിയ കുറിപ്പ്
പട്ടി, കണ്ടി, കക്കോടന്‍, കക്കോടി.
ഇത് പാലക്കാട് കണ്ണാടി പഞ്ചായത്തില്‍ ജീവിച്ചിരുന്നവരുടെയും ജീവിക്കുന്നവരുടെയും പേരാണ്. വില്യം ഷേക്‌സ്പിയറിന്റെ കാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഒരു പേരിലെന്തിരിക്കുന്നുവെന്ന്, പേരില്‍ എല്ലാം ഉണ്ടായിരുന്നു. ഒരു വ്യക്തിയുടെ ജാതി, മതം, മതേതരത്വം, സംസ്‌കാരം, അവരുടെ ജീവിത കാലഘട്ടം. സാമൂഹ്യ വ്യവസ്ഥിതി വരെ.
പട്ടിയും കണ്ടിയും 25 വര്‍ഷം മുമ്പ് മരണമടഞ്ഞു. കക്കോടന്‍ 82 ആം വയസ്സിലും വാച്ച്മാനായി ജോലി ചെയ്യുന്നു. കക്കോടി രണ്ടാഴ്ച മുമ്പ് മരണമടഞ്ഞു.
എന്റെ അടുത്ത സുഹൃത്തുക്കളോട് മേല്‍പറഞ്ഞ പേരുകള്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വാസം വന്നില്ല. തെളിയിക്കാന്‍ പറഞ്ഞു.പുതിയ തലമുറ ഇതറിയണം. അന്നത്തെ സാമൂഹ്യ വ്യവസ്ഥയെയും, കേരളം കടന്നു വന്ന കനല്‍വഴികളെയും.
പേര് പോലും ഇഷ്ടമുള്ളത് ഇടാന്‍ കഴിയാത്ത സമൂഹം.ജന്മിത്വത്തിന്റെ അധീശത്വം. 1957ലെ ഇ.എം.എസ്.ഗവണ്മെന്റ് തുടങ്ങി വച്ച ഭൂപരിഷ്‌ക്കരണ നിയമവും വിദ്യാഭ്യാസ ബില്ലും ജന്മിത്വത്തിന്റെ നാരായവേര് പിഴുതെറിഞ്ഞു. കേരളീയ സമൂഹം മാറി മറിഞ്ഞു.
ഇനിയൊരിക്കലും നാമകരണം ചെയ്യാന്‍ സാധ്യതയില്ലാത്ത കണ്ണാടിയിലുള്ള പഴയ പേരുകളിലേക്ക് ഒരു എത്തിനോട്ടം.
അയ്യ ,അയ്യന്‍,അയ്യാവു, അപ്പു, അപ്പാവു, അപ്പുക്കുട്ടന്‍, അപ്പുമണി, അപ്പുച്ചാമി, അമ്മു. അമ്മുതായി, ആറു, ആറായി, ആറുക്കുട്ടി, ആറുമുഖന്‍, ആറുച്ചാമി, ആവളി, ആണ്ടി, ആണ്ടന്‍, ആണ്ടവന്‍
ഇട്ടന്‍, ഇട്ടിപ്പോതി,ഇടുമ്പന്‍,ഈച്ചരന്‍,എരവന്‍, ഏമുരന്‍, ഐച്ചി, ഊട്ടന്‍, ഉണ്ണിക്കന്‍.
കണ്ണ, കണ്ണു,കണ്ണി, കറുപ്പന്‍, കറുപ്പി ,കണ്ടു, കണ്ടന്‍, കണ്ടപ്പന്‍, കണ്ടന്‍കുട്ടി, കണ്ടുണ്ണി, കണ്ടരാമി, കണ്ടമുത്തന്‍,കണ്ടച്ചാമി, കരുമി, കരുമന്‍, കരുമാണ്ടി, കണ്ടായി, കണ്ടങ്കാളി, കണ്ടന്‍പഴണി, കാളു, കാളി, കാമ്പി, കാമ്പന്‍, കാളന്‍, കാളിയപ്പന്‍, കാവി, കാടന്‍, കാശു ,കാശി,കുപ്പ, കുപ്പായി, കുപ്പന്‍,കുപ്പാണ്ടി, കുള്ളി, കുള്ളന്‍, കുട്ടിയപ്പു, കുഞ്ചു, കുഞ്ചി, കുഞ്ചന്‍, കുഞ്ചപ്പന്‍, കുഞ്ചുണ്ണി, കുഞ്ചുക്കണ്ടന്‍, കഞ്ചുവേലന്‍, കുഞ്ചിപ്പെട്ട, കുഞ്ചുക്കൊറ്റന്‍, കുഞ്ഞുകുട്ടന്‍, കഞ്ചുകുട്ടന്‍, കുഞ്ചേലന്‍, കുഞ്ചുമായാണ്ടി, കുഞ്ചാറു, കുപ്പേലന്‍, കുപ്പുണ്ണി, കുട്ടായി, കുട്ടിച്ചാമി, കുഞ്ചുവെള്ള, കുന്നന്‍, കിട്ട, കിട്ടു, കിട്ടുച്ചാമി, കൊറ്റു, കൊറ്റന്‍, കൊച്ച,കൊലവന്‍, കൊലവാണ്ടി, കൊമ്പന്‍, കൊന്നി, കേലി, കേലു,കേലന്‍, കേത്തന്‍, കോച്ചി, കോച്ചന്‍, കോത, കോമ്പി, കോമ്പന്‍, കോശു, കോരി, കോതേലന്‍, കോതരാമി,
ചക്കി, ചണ്ടന്‍, ചങ്കന്‍, ചങ്കിലി, ചാത്ത, ചാത്തു, ചാത്തി, ചാത്തന്‍, ചാമി, ചാമു, ചാമുണ്ണി, ചാമുക്കുട്ടന്‍,ചാമിയാര്‍, ചാമിയപ്പന്‍, ചാമിക്കുട്ടി, ചിപ്പു ,ചിപ്ര, ചിന്ന, ചിന്നന്‍, ചിപ്പുമണി, ചീരു, ചീര്‍മ്പന്‍, ചുക്കന്‍, ചുക്കാണ്ടി, ചെല്ല, ചെല്ലന്‍, ചെള്ളി, ചൊവ്വുട്ടി, ചൊക്കി, ചൊക്കന്‍, ചേന്തി, ചേമ്പന്‍.
തത്ത, തത്തമണി, തങ്ക, തങ്കു, തമ്പു,തായു, തായന്‍, തായങ്കന്‍, തില്ല, തീത്തു, തീത്തി, തീത്തന്‍, തീത്തുണ്ണി, തീത്തായി, തെയ്യന്‍, തെയ്യാലന്‍, തേവന്‍, തോലന്‍
പട്ടു, പട്ടന്‍,പള്ളി, പഞ്ചു,പങ്ങി, പങ്ങന്‍, പങ്ങുണ്ണി, പങ്ങിമുത്തന്‍, പഴണി, പഴണിമല, പഴണന്‍, പഴണിയപ്പന്‍, പഴണേലന്‍, പട്ടിവേലന്‍, പരുക്കന്‍,പകാന്‍,പാറു,പാലന്‍, പാച്ചി, പിച്ചന്‍,പുതുക്കളന്‍, പൂക്കളന്‍, പൂശാരി,പെട്ട, പൊന്നന്‍, പൊന്നാണ്ടി, പൊന്മല ,പൊന്നു, പൊന്നുമണി, പൊന്നുക്കുട്ടി, പേച്ചി.
മല്ലി, മല്ലന്‍, മല്ലു, മല്ലുണ്ണി,മരുതന്‍, മണപ്പുളി, മലയന്‍, മയിലന്‍, മാലി,മാലന്‍, മാളു, മാതു, മായപ്പു, മായന്‍, മായാണ്ടി, മുണ്ടന്‍, മുണ്ടി, മുനിയന്‍, മുനിയാണ്ടി, മുരുകാണ്ടി, മൂക്കന്‍, മൊട്ട.,
നാകു, നാവു ,നാഗ, നാഗന്‍, നാഗപ്പന്‍, നാഗുണ്ണി, നാച്ചി, നഞ്ചന്‍, നഞ്ചപ്പന്‍, നാണി, നാണു, നാണപ്പന്‍, നാകേലന്‍,
നായാടി നീലി, നീലു, നീലന്‍,നീലാണ്ടന്‍
രക്കി,രക്കന്‍,രക്കാണ്ടി, രാമാണ്ടി.
വള്ളി, വള്ളിത്തായ് .വീരന്‍, വീമ്പന്‍, വീമ്പാളന്‍ വീമ്പായി, വെള്ള വെള്ളായി, വെള്ളപ്പന്‍, വെള്ളച്ചി, വെള്ളാനി, വേല, വേലന്‍, വേശ,വേശു, വേലു, വേലുച്ചാമി വേലപ്പന്‍, വേലിയപ്പന്‍, വേലനാകന്‍.
ശങ്കരന്‍, ശങ്കിലി, ശിങ്കാരി.
എല്ലാ പഞ്ചായത്തുകളിലും ഇത്തരം പേരുകള്‍ കാണാന്‍ കഴിയും.
ഇന്ന് അക്ഷരമാലക്രമത്തില്‍ പേരുകള്‍ അര്‍ത്ഥത്തോട് കൂടി പുസ്തക കടയില്‍ നിന്ന് വാങ്ങാന്‍ കിട്ടും. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താലും മതി.
സ്വന്തം പേരും രക്ഷിതാവിന്റെ പേരും ഗസറ്റ് വിജ്ഞാപനത്തിലൂടെ മാറ്റിയവരുമുണ്ട്. അവരെ കുറ്റപ്പെട്ടത്താനാവില്ല. പരിഷ്‌കൃത സമൂഹത്തില്‍ എങ്ങനെ ആ പേര് പറയും.
ഇന്ന് ഇഷ്ടപ്പെട്ട പേരിടാന്‍ കേരളത്തില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.
കേരളപ്പിറവിയുടെ 61ആം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കേരള ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്.