കയ്യും കാലും കെട്ടി ബലാത്സംഗത്തിന് ഇരയാക്കി ,പരാതി നല്‍കിയിട്ടും കേസെടുത്തില്ല, യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 15കാരി ആത്മഹത്യ ചെയ്തു

 കയ്യും കാലും കെട്ടി ബലാത്സംഗത്തിന് ഇരയാക്കി ,പരാതി നല്‍കിയിട്ടും കേസെടുത്തില്ല, യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 15കാരി ആത്മഹത്യ ചെയ്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ പറയുന്നു.

മണിക്പൂരിലാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനത്തിലേക്ക് കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മുന്‍ ഗ്രാമത്തലവന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് ബന്ധുക്കള്‍ പറയുന്നു.

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ചിത്രകൂട് പൊലീസ് സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഒക്ടബോര്‍ എട്ടിനാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ബുധനാഴ്ച പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം കയ്യും കാലും കെട്ടിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്. പൊലീസ് ആണ് പെണ്‍കുട്ടിയെ തിരികെ കൊണ്ടുവന്നത്. എന്നാല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.