വേണ്ടപ്പെട്ടവരുടെ മരണം വേദനാജനകമാണ്’; കോവിഡുമായുള്ള പോരാട്ടത്തിൽ ഒഴിവാക്കേണ്ട മൂന്നു ‘സി’കൾ അറിയാം

 വേണ്ടപ്പെട്ടവരുടെ മരണം വേദനാജനകമാണ്’; കോവിഡുമായുള്ള പോരാട്ടത്തിൽ ഒഴിവാക്കേണ്ട മൂന്നു ‘സി’കൾ അറിയാം

കോവിഡ് നാട്ടിൽ മാത്രമല്ല, സ്വന്തം വീടു വരെ എത്തിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ്. രോഗബാധിതർ ആണെന്ന് കണ്ടാൽ അത് മറ്റുള്ളവരിലേക്ക് പകർത്താതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കോവിഡുമായുള്ള നേർക്കുനേർ പോരാട്ടത്തിൽ ഒഴിവാക്കേണ്ട മൂന്നു ‘സി’ കളെ കുറിച്ച് പറയുകയാണ് ഇൻഫോക്ലിനിക് പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പിലൂടെ. ഡോക്ടർ ദീപു സദാശിവനാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് വായിക്കാം;

ഒടുവിൽ കോവിഡുമായി നേർക്കുനേർ ഒഴിവാക്കേണ്ട മൂന്നു ‘സി’ കൾ.

. ഒരു മാസ്ക് തലയുടെ പരിസരത്തുണ്ടേൽ സുരക്ഷിതരായെന്നോ, കടമ നിർവഹിച്ചെന്നോ, പോലീസിനി പിടിക്കൂല്ലല്ലോ എന്നോ ഒക്കെ കരുതി സുരക്ഷാ നടപടികളിൽ ഉപേക്ഷ കാണിക്കുന്നവരുണ്ട്. എന്നാൽ സാധ്യമായ എല്ലാ കരുതൽ നടപടികളും ഒരുമിച്ചു പ്രയോഗിച്ചാൽ മാത്രമേ രോഗം വരുന്നത് പരമാവധി ഒഴിവാക്കാൻ കഴിയൂ.

. അടുപ്പമുള്ളവർക്ക് കോവിഡ് രോഗം വരുന്നതിന്റെയും, ആ ഘട്ടത്തിലൂടെ കടന്നു പോവുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുടെയും അനുഭവങ്ങൾ നേരിട്ടറിയും കാലമായി. പലർക്കും ലഘുവായി വന്നു പോവുന്നു, എന്നാൽ വേണ്ടപ്പെട്ടവർക്ക് പ്രതിസന്ധിഘട്ടങ്ങൾ ഉണ്ടാവുന്നത് ആകാംഷ തരുന്നതും, മരണം പോലുള്ളവ വേദനാജനകവുമാണ്.

. കോവിഡിന് പിടി കൊടുക്കാതിരിക്കാൻ

നാമിതുവരെ അവലംബിച്ചിരുന്ന സൂത്രവാക്യങ്ങളിൽ പ്രധാനം SMS എന്ന് ചുരുക്കിയിരുന്ന Sanitization, Mask, Social Distancing ആണ്.

. ചില പ്രത്യേക സാഹചര്യങ്ങളിൽ വായുവിലൂടെ പോലും കോവിഡ് പടരാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല എന്ന് സി.ഡി.സി പ്രസ്താവിച്ച സാഹചര്യത്തിൽ കുറെ കാര്യങ്ങൾക്കു കൂടി നാം കൂടുതൽ പ്രാധാന്യം കൊടുക്കണം.

. അതായത്

1. മുറികളിൽ വായൂ സഞ്ചാരം ഉറപ്പു വരുത്തൽ,

2. ആൾക്കൂട്ടം ഒഴിവാക്കൽ,

3. അടഞ്ഞ മുറികളിൽ സമയം ചിലവഴിക്കുന്നത്,

4. കൂടുതൽ നേരം അടുത്തിടപഴകുന്ന സമ്പർക്ക സാധ്യതകൾ എന്നിവ ഒഴിവാക്കുക എന്നത് കൂടി പ്രാധാന്യത്തോടെ പാലിക്കേണ്ടതുണ്ട്.

Avoid the three “C”s എന്നാൽ എന്തൊക്കെ?

ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന ഒന്നാണ് മൂന്നു “C” കൾ ഒഴിവാക്കുകയെന്നത്. രോഗം പകരാനുള്ള റിസ്ക് വളരെയധികം കൂട്ടുന്ന സാഹചര്യങ്ങളാണ് ഇവയൊക്കെ.

1. Crowded Places – തിരക്കേറിയ സ്ഥലങ്ങൾ അഥവാ ആൾക്കൂട്ടം ഒഴിവാക്കൽ.

2. Close Contact Settings – അടുത്ത് ഇടപഴകും വിധം സമ്പർക്ക സാധ്യതയുള്ള അവസ്ഥ

3. Confined and enclosed spaces – അടഞ്ഞ വായൂ സഞ്ചാരം കുറവുള്ള മുറികൾ

CDC യുടെ കണ്ടെത്തൽ പ്രകാരം ഏതൊക്കെ സാഹചര്യത്തിലാണ് വായുവിലൂടെ രോഗം പകരാൻ സാധ്യത ഉള്ളത്?

. അടഞ്ഞ വായൂ സഞ്ചാരം ഇല്ലാത്തയിടത്ത് , ശ്വാസകോശ സ്രവകണങ്ങൾ പ്രസരിപ്പിക്കുന്ന ഒരു രോഗിയുടെ സാന്നിധ്യം 30 മിനിട്ടിനു മുകളിൽ തുടങ്ങി മണിക്കൂറുകളോളം ഉണ്ടായിരിക്കുമ്പോൾ.

. ശരിയായ വെന്റിലേഷൻ / വായൂ സഞ്ചാര ക്രമീകരണം ഇല്ലെങ്കിൽ ഇത്തരം സ്രവകണികകൾ കൂടുതൽ നേരം മുറിക്കുള്ളിലെ വായുവിൽ തങ്ങി നിൽക്കുകയും, പകർച്ചാ സാധ്യത കൂട്ടുകയും ചെയ്യുന്നു.

. ഇത്തരം ഇടങ്ങളിൽ രോഗസാധ്യതയുള്ള ആൾക്കാരുമായി, രോഗം പകർത്തുന്ന അവസ്ഥയിൽ ഉള്ള ആൾ കൂടുതൽ നേരം ചിലവഴിക്കുമ്പോഴോ, രോഗി പോയതിനു ശേഷം ആ ഇടത്തു രോഗ സാധ്യതയുള്ള ആൾ എത്തുമ്പോഴോ.

. ദീർഘ സമയം സ്രവകണികകളുമായി സമ്പർക്കം, സ്രവകണികകൾ അന്തരീക്ഷത്തിലേക്ക് കൂടുതൽ പ്രസരിപ്പിക്കുന്ന പ്രക്രിയകൾ ഉദാ: ഉച്ചത്തിൽ സംസാരിക്കുക, പാടുക, വ്യായാമം ചെയ്യുക etc.

ശ്രദ്ധിക്കേണ്ടവ എന്തൊക്കെ?

A. പൊതുയിടങ്ങളിൽ – തിരക്ക് / ആൾക്കൂട്ടം ഒഴിവാക്കുക

കഴിയുന്നതും അവസരങ്ങളിൽ, കഴിയുന്നത്ര ആൾക്കാർ ഇത് പാലിച്ചാൽ പൊതു ഇടങ്ങളിൽ തിരക്ക് ഒഴിവാക്കാം.

1. ഓൺലൈൻ പർച്ചേസ് കൂടുതൽ ശീലമാക്കുക. നിലവിൽ പ്രാദേശിക കച്ചവടക്കാർ പോലും ഫോണിൽ വിളിച്ചു പറയുകയോ/ വാട്സ് ആപ്പ് വഴി ഓർഡർ ചെയ്യുകയോ ചെയ്‌താൽ വീട്ടു പടിക്കൽ സാധനങ്ങൾ എത്തിക്കുന്നുണ്ട്. ഇത് പോലുള്ള ക്രമീകരണങ്ങൾ ഉപയോഗപ്പെടുത്തുക.

2. സാമൂഹിക പരിരക്ഷ ഉറപ്പു വരുത്തിക്കൊണ്ട് ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ, റെസിഡെന്റ്സ് അസോസിയേഷനുകൾ / പ്രാദേശിക സംഘടനകൾ / കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾക്ക് കഴിയും.

a. ഒരു റെസിഡന്റ് ഏരിയയിലെ ഓരോ വീട്ടിലെയും പല ആളുകൾ പല ദിവസങ്ങളിലായി പല കടകളിലും പല ചന്തകളിലുമൊക്കെ ആയി അവശ്യ വസ്തുക്കൾ വാങ്ങാൻ ഇറങ്ങി നടക്കുന്നു എന്നു കരുതുക അത്രമേൽ രോഗവ്യാപന സാധ്യത കൂടും

b. വിവിധ ആവശ്യങ്ങൾക്കായി പ്രത്യേകം വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചു ആവശ്യമായ ചുരുക്കം ആൾക്കാരെ ഉൾപ്പെടുത്തി ടാസ്ക് ഗ്രൂപ്പുകൾ രൂപീകരിക്കാം.

ഉദാ: പലവ്യഞ്ജനങ്ങൾ, മരുന്നുകൾ, മറ്റു അവശ്യ സാധനങ്ങൾ എന്നിവ വാങ്ങാൻ നിക്ഷിപ്തമായ വ്യക്തികൾ പുറത്തുള്ള കടകൾ, സൂപ്പർ മാർക്കറ്റുകൾ, കൃഷിക്കാർ, പാൽ സൊസൈറ്റികൾ, മത്സ്യഫെഡ് ഔട്ട് ലെറ്റുകൾ എന്നിവയുമായി വസ്തുവകകൾ വിതരണം ചെയ്യാനുള്ള ഏർപ്പാട് ഉണ്ടാക്കാവുന്നതാണ്.

c. വയോധികർക്കും മറ്റും പാചക വാതകം പോലുള്ളവ എടുക്കാനും, ഓൺലൈൻ ബില്ല് പേയ്‌മെന്റ്കൾ ചെയ്തു കൊടുക്കാനും സാങ്കേതിക അറിവുള്ളവർ സഹായിക്കാൻ സൗകര്യം ഉണ്ടാക്കാം.

d. ഓൺലൈൻ ബില്ലടയ്‌ക്കാൻ സൗകര്യം ഇല്ലാത്തവർക്കു വേണ്ടി ആ സേവനം ചെയ്തു കൊടുക്കാൻ ഒരാളെ നിയോഗിക്കാവുന്നതാണ്.

ഇതിലൂടെ വ്യക്തികൾ തമ്മിലുള്ള സമ്പർക്ക സാധ്യത പരമാവധി കുറയ്ക്കാം. ഇനി അഥവാ ഒരു വ്യക്തിക്ക് രോഗം വന്നാലും അയാൾ രോഗം പകർത്താനിടയുള്ള സാധ്യതയും ആളുകളുടെ എണ്ണവും പരമാവധി കുറയ്ക്കാം.

3. തിരക്ക് കണ്ടാൽ ഒഴിവാക്കുക.

“ഇത്രനാൾ സാമൂഹികമായ ഇടപഴകലുകൾ ഇല്ലാതിരുന്ന മടുത്തു, ഇനി വയ്യ, എന്തേലും ആവട്ടെ അല്പം ഒന്ന് റിലാക്സ് ചെയ്തില്ലേൽ പറ്റില്ല” എന്ന നിലയ്ക്ക് ചിന്തിക്കുന്നവരുണ്ട്.

ഈ ചിന്താഗതി അപകടമാണ്, താൽക്കാലികമായ ഈ ഒരു “ഉന്മേഷവും ” രോഗം വന്നാൽ ഉണ്ടാകാവുന്ന പ്രതിസന്ധികളുമായി തുലനം ചെയ്‌താൽ ഇത്തരം “റിലാക്സേഷനുകൾ” അത്ര റിസ്ക് എടുക്കാൻ പോന്ന മൂല്യമുള്ളതല്ല എന്ന് മനസ്സിലാവും. നാം നമ്മുടെയും മറ്റുളളവരുടെയും ആരോഗ്യമാണ് തുലാസ്സിലാക്കുന്നത്.

a. ആൾക്കൂട്ടം ഉണ്ടാവുന്ന മീറ്റിങ്ങുകൾ, യോഗങ്ങൾ, മറ്റു പരിപാടികൾ എന്നിവ കർശനമായി ഒഴിവാക്കി ഓൺലൈൻ പ്ലാറ്റുഫോമുകൾ ഉപയോഗപ്പെടുത്തുക.

b. വിവാഹമോ, നൂലുകെട്ടോ, മരണം പോലുമായാലും ചടങ്ങുകൾ കോവിഡ് പോട്ടോക്കോൾ ലംഘിച്ചു നടത്താതിരിക്കുക, പങ്കെടുക്കാതിരിക്കുക.

B . ഓഫീസുകളിൽ / തൊഴിലിടങ്ങളിൽ

i. സർക്കാർ ഓഫീസുകളിലെ ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരും, അത് പ്രയോജനപ്പെടുത്താൻ പൊതു സമൂഹവും പരമാവധി ശ്രമിക്കണം.

ii. പൊതുജനങ്ങളിൽ നിന്ന് മാത്രമല്ല. സഹ പ്രവർത്തകരിൽ നിന്നും രണ്ടു മീറ്റർ ശാരീരിക അകലം പാലിക്കുക, അത്തരം സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.

iii, ഇടവേളകളിലെ അടുത്തിടപഴകൽ അപകടമാണ്.

ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ കാണിക്കുന്ന ഒരു അബദ്ധമാണ് ഇടവേളകളിലെ ഇടപഴകൽ.

മാസ്ക് താഴ്ത്തി വെച്ച് ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത്, ഒപ്പം കളി ചിരി വർത്തമാനം ഉണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.

രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണ് കൂടുതലും, എന്നാൽ അതായത് പൂർണ്ണ ആരോഗ്യാവസ്ഥയിൽ മുൻപിൽ കാണുന്ന ആളുകളും രോഗം പകർത്താം എന്ന് ഓർക്കുക.

കോവിഡ് ഭീഷണി മാറും വരെ അടുത്തിടപഴകൽ കർശനമായും ഒഴിവാക്കേണ്ടതാണ്.

iv. ഹോട്ടലുകൾ / ക്യാന്റീനുകൾ എന്നിങ്ങനെയുള്ള ഭക്ഷണശാലകൾ പരമാവധി സമ്പർക്ക സാധ്യത ഒഴിവാക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കഴിയുന്നതും പാഴ്സലുകൾ വാങ്ങണം.

വായൂ സഞ്ചാരം കുറവുള്ള ഇടുങ്ങിയ മുറികൾ രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു.

v. ഓഫീസ് മുറികളും ജനാലകളും വാതിലുകളും തുറന്നിട്ട് പരമാവധി വായൂ സഞ്ചാരം ഉറപ്പാക്കണം.

vi. എ. സി പ്രവർത്തിപ്പിച്ചാൽ പോലും ജനാലകൾ തുറന്നിടണം.

vii. ശുചിമുറികൾ ഉപയോഗിക്കുമ്പോൾ

1. ഒരാൾ ഉപയോഗിച്ച് കഴിഞ്ഞു പരമാവധി സമയം കഴിഞ്ഞു വേണം അടുത്തയാൾ ഉപയോഗിക്കാൻ. കുറഞ്ഞത് രണ്ടു മിനിറ്റ് എങ്കിലും ഇടവേള പാലിക്കുക.

2. വായൂ സഞ്ചാരം ഉറപ്പാക്കാൻ ശുചി മുറികളിൽ / ഇടുങ്ങിയ മുറികളിൽ മുഴുവൻ സമയവും എക്സ്ഹോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കുക.

3. ശുചിമുറിക്കുള്ളിലും മാസ്ക് ഉപയോഗിക്കുക.

4. സ്പർശന സാധ്യത ഏറെയുള്ള ഡോർ ഹാൻഡിലുകൾ, ഫ്ലഷ് ബട്ടണുകൾ എന്നിവ ഉപയോഗിച്ച ശേഷവും, ശുചിമുറികളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകളുടെ ശുചിത്വം ഉറപ്പാക്കുക.

5. ടോയ്‌ലെറ്റിന്റെ മൂടി അടച്ചു വെച്ചതിനു ശേഷം ഫ്ലഷ് ചെയ്യുന്നതാവും ഉചിതം.

✳viii, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ.

. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുക, പാലിക്കാൻ മറ്റുളളവരെയും പ്രേരിപ്പിക്കുക, ലംഘിക്കുന്നത് കണ്ടാൽ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുക.

. ഔദ്യോഗിക വാഹനങ്ങളിൽ പരമാവധി കുറച്ചു പേർ മാത്രം സഞ്ചരിക്കുക, സ്ഥിരം ഒരു ടീം വരുന്ന ഡ്യൂട്ടി ക്രമീകരിക്കുക, മറ്റു ടീമിലുള്ളവരുമായി ഇടപഴകാതിരിക്കുക. വാഹനങ്ങളുടെ ജനാലകൾ താഴ്ത്തി വെക്കുക, മുഴുവൻ സമയവും മാസ്ക് ഉപയോഗിക്കുക.

✳ix, ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

. ഔദ്യോഗികമായും അനൗദ്യോഗികമായും അനാവശ്യമായി ഒത്തു ചേരലുകൾ, ചടങ്ങുകൾ പങ്കെടുക്കുന്നത് ഇത്യാദി ഒഴിവാക്കുക.

. അനാരോഗ്യം മറച്ചു വെച്ച് ജോലിക്കു ഹാജരാവാതിരിക്കുക.

. ആരോഗ്യ പ്രശ്നങ്ങളുള്ള ജീവനക്കാർക്ക് തൊഴിൽ ദാതാവ് ലീവ് നൽകുകയും, ആരോഗ്യ സംവിധാനത്തെ സമീപിക്കാൻ നിഷ്കർഷിക്കുകയും ചെയ്യണം.

ഒടുവിലായി ഒരിക്കൽ കൂടി പറയട്ടെ ,

മാസ്ക് പോലുള്ള കരുതലുകൾ മുൻപ് സ്വീകരിച്ചതു പോലെ തുടരണം.

സുരക്ഷയ്ക്കായി ഹെൽമെറ്റ് വെക്കാൻ നിഷ്കർഷിക്കുമ്പോൾ ഉള്ള ഒഴിവുകഴിവുകൾ പോലെ പലതും കോവിഡ് സുരക്ഷ നിർദ്ദേശങ്ങളെ ഒഴിവാക്കാനും പറയാറുണ്ട്.

അത് പാടില്ല,

. ഗുണനിലവാരമുള്ള മാസ്ക് തന്നെ ധരിക്കുക.

. തുണി മാസ്‌ക്കുകൾ 4 -6 മണിക്കൂർ വരെ മാത്രമേ ഉപയോഗിക്കാവൂ. മാസ്ക് അണുവിമുക്തമാക്കാതെ ഉപയോഗിച്ച് കൊണ്ടിരുന്നാൽ രോഗവ്യാപന സാധ്യത കൂടും.

. മാസ്ക് ഇടയ്ക്കു താഴ്ത്തി വെച്ച് സംസാരിക്കുക, മാസ്കിന്റെ മുൻഭാഗത്ത് തൊടുക പോലുള്ള കാര്യങ്ങൾ പാടില്ല.

. അലക്ഷ്യമായി മാസ്ക് ഉപേക്ഷിക്കാൻ പാടില്ല, ഉപയോഗിച്ച മാസ്ക് കുട്ടികളുടെയും വളർത്തു മൃഗങ്ങളുടെയും കയ്യിൽ എത്താതെ സൂക്ഷിക്കണം.

“കോവിഡിനൊപ്പം ജീവിക്കാം” എന്നാൽ, കോവിഡ് വന്നോട്ടേ എന്ന് കരുതി കാര്യങ്ങളെ ലാഘവത്തോടെ എടുക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. കൊറോണ വൈറസിന് പിടി കൊടുക്കാതെ സമർത്ഥമായി അതിജീവിക്കുക എന്നാണ്.