കിണറ്റില്‍ വീണ പൂച്ച ഒരു ദിവസം മുഴുവന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല; നീന്തലു പോലും അറിയില്ലെന്ന് ഓര്‍ക്കാതെ 24 കോല്‍ താഴ്ച്ചയുള്ള കിണറ്റിലേക്കിറങ്ങി, ഒടുവില്‍ അര്‍ച്ചനയെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സ് വന്നു ! അർച്ചന ഇനി സിവിൽ ഡിഫൻസ് അംഗം

 കിണറ്റില്‍ വീണ പൂച്ച ഒരു ദിവസം മുഴുവന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല;  നീന്തലു പോലും അറിയില്ലെന്ന് ഓര്‍ക്കാതെ 24 കോല്‍ താഴ്ച്ചയുള്ള കിണറ്റിലേക്കിറങ്ങി, ഒടുവില്‍ അര്‍ച്ചനയെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സ് വന്നു ! അർച്ചന ഇനി സിവിൽ ഡിഫൻസ് അംഗം

ദൈന്യതയാർന്ന ഒരു നിലവിളി 24 കോൽ താഴ്ചയിൽ നിന്നു കാതുകളിൽ വന്നലച്ചപ്പോൾ കണ്ണവം വെങ്ങളം കോളനിയിലെ ആരാമത്തിൽ പി.അർച്ചന കൃഷ്ണന്റെ മനസ്സിൽ തെളിഞ്ഞതു സാഹിസകതയുടെ ഈ വഴി മാത്രമായിരുന്നു. സ്വന്തം ജീവനെക്കുറിച്ചോർക്കാതെ കിണറ്റിലിറങ്ങുക ! മോട്ടറുമായി ബന്ധിപ്പിച്ച കയറിലൂടെ കിണറ്റിലിറങ്ങിയ അർച്ചന പൂച്ചയെ രക്ഷിച്ചു.

പക്ഷേ, നീന്തലറിയാത്ത അർച്ചനയെ രക്ഷിക്കാൻ ഫയർഫോഴ്സ് വേണ്ടി വന്നു എന്നത് ഈ സാഹസികകഥയിലെ മറ്റൊരു ട്വിസ്റ്റ്. അതുകൊണ്ടു ഫയർഫോഴ്സ് മുന്നറിയിപ്പ് തരുന്നു: ആവശ്യമായ സുരക്ഷാ മുൻകരുതലുകളില്ലാതെ ആരും ഇത്തരം സാഹസിക പ്രവർത്തനങ്ങൾക്കു മുതിരരുത്.

‘‘കിണറ്റിൽ വീണ പൂച്ച ഒരു ദിവസം മുഴുവൻ രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ സങ്കടം സഹിക്കാൻ വയ്യാതെ ആണ് രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയത്.’’– അർച്ചന പറയുന്നു. പടവുകളിൽ വഴുക്കൽ കാരണം തിരിച്ചുകയറാനുള്ള അർച്ചനയുടെ ശ്രമം പാളി. അഞ്ചു കോൽ വെള്ളമുള്ള കിണറ്റിൽ അരമണിക്കൂർ കുടുങ്ങിയ അർച്ചനയെ കൂത്തുപറമ്പ് ഫയർഫോഴ്സിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി.

അപ്പോഴും ആ പൂച്ചയെ അർച്ചന ചേർത്തുപിടിച്ചിരുന്നു.വ്യാഴാഴ്ച രാവിലെയാണ് അർച്ചനയുടെ വീട്ടിലെ കിണറ്റിൽ പൂച്ചവീണത്. പൂച്ചയെ രക്ഷപ്പെടുത്താൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. വൈകിട്ട് കിണറ്റിലിറങ്ങാൻ അർച്ചന ശ്രമം നടത്തി, അമ്മ തടഞ്ഞു.

ഒടുവിൽ അർച്ചന ഇന്നലെ രാവിലെ കിണറ്റിലിറങ്ങാൻ തന്നെ തീരുമാനിച്ചു. കൂത്തുപറമ്പിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ ബിരുദ ഹിസ്റ്ററി വിദ്യാർഥിനിയാണ് അർച്ചന. വെങ്ങളം ആരാമത്തിൽ വിജയന്റെയും ഉഷയുടെയും മകളാണ്.സ്റ്റേഷൻ ഓഫിസർ പി.ഷനിത്തിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.പി.റനീഷ് റോപ് ലാഡർ വഴി കിണറ്റിൽ ഇറങ്ങി അർച്ചനയെയും പൂച്ചയെയും സുരക്ഷിതമായി പുറത്ത് എത്താൻ സഹായിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രതീശൻ ആയില്യത്ത്, ഓഫിസർമാരായ വി.ആർ.മധു, എം.സതീഷ്, സി.വിജിത്ത്, ചെസിൻ, വിനോയ്, യു.കൃഷ്ണരാജ്, മോഹനൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അർച്ചനയുടെ ധൈര്യം മനസ്സിലാക്കി കൂത്തുപറമ്പ് ഫയർ റെസ്ക്യൂ സർവീസിന്റെ സന്നദ്ധ സേനാ വിഭാഗമായ സിവിൽ ഡിഫൻസ് അംഗം ആകാൻ സ്റ്റേഷൻ ഓഫിസർ പി.ഷനിത്ത് അർച്ചനയെ ക്ഷണിക്കുകയായിരുന്നു.

കേട്ട പാതി ഫയർ ഫോഴ്സ് നൽകിയ ദൗത്യം ഏറ്റെടുക്കാൻ തയാറായി അർച്ചനയും. കുടുംബത്തിന്റെ പൂർണ പിന്തുണയും അർച്ചനയ്ക്ക് ഉണ്ട്. പി.ഷനിത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുക.