നെടുങ്കണ്ടത്ത് വയോധികയായ അമ്മ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കി: മക്കൾ തല ഭിത്തിയിലിടിപ്പിച്ച് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വയോധികയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി. ഇവരുടെ മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 17നാണ് അണക്കരമെട്ട് ചെരുവിള പുത്തൻവീട്ടിൽ ചന്ദ്രികയെ(75) മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കളായ അനിൽകുമാർ(49), അജിത (40) എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തത്.
മദ്യലഹരിയിൽ തെറിവിളിച്ച ചന്ദ്രികയെ അനിൽകുമാർ പിടിച്ചുതള്ളുകയും, തല പിടിച്ച് ഭിത്തിയിലിടിപ്പിച്ചശേഷം മുറ്റത്തേക്ക് എറിയുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ചലനമറ്റ ചന്ദ്രികയെ എടുത്ത് കട്ടിലിൽ കിടത്തി. കൊലപാതകം മറച്ചുവെച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് അജിതയെ അറസ്റ്റ് ചെയ്തത്.
ചന്ദ്രികയും മക്കളും മകളുടെ മകനും ഭാര്യയും അണക്കരമെട്ടിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മദ്യത്തിനടിമയായിരുന്ന ചന്ദ്രികയെ വീടിന്റെ തിണ്ണയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യപാനംമൂലമുള്ള അസുഖംകൊണ്ടാണ് ചന്ദ്രിക മരിച്ചതെന്നാണ് മക്കൾ നാട്ടുകാരെ അറിയിച്ചത്.
ശവസംസ്‌കാരം നടത്താൻ മക്കൾ കാട്ടിയ തിടുക്കം സംശയത്തിനിടയാക്കി. ഇതോടെ, നാട്ടുകാർ നെടുങ്കണ്ടം പൊലീസിൽ വിവരമറിയിച്ചു.
കോവിഡ് സാഹചര്യംമൂലം അഞ്ചുമാസം വൈകിയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായതെന്ന് പൊലീസ് പറഞ്ഞു. റിപ്പോർട്ടിൽ, വയോധികയുടെ തലയിൽ വലതുചെവിയുടെ മുകളിലായി കോൺക്രീറ്റ് പ്രതലത്തിൽ ഇടിച്ചുണ്ടായ ചതവാണ് മരണകാരണമെന്ന് ഉണ്ടായിരുന്നു.
ഇതോടെ, അന്വേഷിക്കാൻ കട്ടപ്പന ഡിവൈഎസ്പി എൻ സി രാജ്മോഹൻ നെടുങ്കണ്ടം എസ്‌ഐ കെ ദിലീപ്കുമാറിനെ ചുമതലപ്പെടുത്തി. വയോധികയുടെ അകന്ന ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മകനെ ചോദ്യംചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.