അങ്ങനെയങ്ങ് വന്നു പോകുന്ന രോഗമല്ല കോവിഡ്, തീവ്രത കുറഞ്ഞ ലക്ഷണങ്ങളുള്ളവരെയും കോവിഡ് ദീര്‍ഘകാലം രോഗികളാക്കാം

 അങ്ങനെയങ്ങ് വന്നു പോകുന്ന രോഗമല്ല കോവിഡ്, തീവ്രത കുറഞ്ഞ ലക്ഷണങ്ങളുള്ളവരെയും കോവിഡ് ദീര്‍ഘകാലം രോഗികളാക്കാം

‘അങ്ങനെയങ്ങ് വന്നു പോകുന്ന രോഗമല്ല കോവിഡ് എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തീവ്രത കുറഞ്ഞ ലക്ഷണങ്ങളോട് കൂടി കോവിഡ് ബാധിച്ചവരെ പോലും മാസങ്ങള്‍ രോഗികളാക്കി തീര്‍ക്കാന്‍ കോവിഡിന് കഴിയുമെന്ന് ഫ്രാന്‍സിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

2020 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ കോവിഡ് ബാധിച്ച ഗുരുതര ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളിലാണ് ടൂര്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ പഠനം നടത്തിയത്. ഇവരില്‍ മൂന്നില്‍ രണ്ട് രോഗികള്‍ക്കും അസുഖം ബാധിച്ച ശേഷം രണ്ട് മാസം വരെയും ലക്ഷണങ്ങള്‍ തുടര്‍ന്നു.

മൂന്നിലൊന്ന് രോഗികള്‍ കോവിഡ് ബാധിക്കുന്നതിനേക്കാല്‍ മുന്‍പുണ്ടായിരുന്ന അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ മോശം സ്ഥിതിയിലാണ്. 40 മുതല്‍ 60 വരെ പ്രായമുള്ള രോഗികളിലാണ് ലക്ഷണങ്ങള്‍ പൊതുവേ നീണ്ടു നിന്നത്.

66 ശതമാനം മുതിര്‍ന്ന രോഗികള്‍ക്കും മണവും രുചിയും നഷ്ടമാകല്‍, ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ 62 ലക്ഷണങ്ങളില്‍ ഒരെണ്ണമെങ്കിലും രണ്ട് മാസത്തിനു ശേഷവും തുടര്‍ന്നു. ദീര്‍ഘ കാല കോവിഡ് ഫലങ്ങളെ നേരിടാന്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പലരാജ്യങ്ങളും ഇപ്പോള്‍ തുറക്കുന്നുണ്ട്.

കോവിഡ് മൂലം വെന്റിലേഷനോ, തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയോ വേണ്ടി വരാത്തവര്‍ക്ക് പോലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം വേണ്ടി വരാമെന്ന് ഈ പഠനങ്ങള്‍ അടിവരയിടുന്നു.