പിഎസ്സി എഴുതി മടുത്തു, കേരളത്തില്‍ നിന്നാല്‍ ജോലി കിട്ടില്ല; തിരുവനന്തപുരത്തു നിന്നും പ്രധാനമന്ത്രിയെ നേരില്‍ കണ്ട് സങ്കടം പറയാന്‍ ട്രെയിന്‍ കയറിയ യുവതിയെ വിജവാഡയില്‍ കണ്ടെത്തി

തിരുവനന്തപുരം; ജോലി ലഭിക്കാൻ വേണ്ടി പ്രധാനമന്ത്രിയെ കാണാൻ ഇറങ്ങിത്തിരിച്ച യുവതിയെ കണ്ടെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ മുപ്പത്തിമൂന്നു കാരിയെ വിജയവാഡ റെയിൽവേസ്റ്റേഷനിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. എംഎ, ബിഎഡ് ബിരുദധാരിയായ അജിത രണ്ട് ദിവസം മുൻപാണ് ആരോടും പറയാതെ വീടുവിട്ടത്.
കേരളത്തിൽ തനിക്ക് ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് വീടുവിട്ടിറങ്ങിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇവരെ ഇന്ന് നാട്ടിലെത്തിക്കും. പാവപ്പെട്ട കുടുംബത്തിൽപ്പെട്ട അജിത വിവാഹമോചിതയാണ്. കൂലിപ്പണിക്കാരായ മാതാപിതാക്കൾക്കൊപ്പം കഴിയുന്ന ഇവർ വീടുകളിൽ ട്യൂഷനെടുത്താണ് കുടുംബം പുലർത്തിയിരുന്നത്.
പലതവണ പിഎസ്സി പരീക്ഷയെഴുതിയെങ്കിലും റാങ്ക് ലിസ്റ്റിൽ ഇടം നേടാത്തതിന്റെ മനോവിഷമത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കൾ പറയുന്നു. രണ്ട് ദിവസം മുൻപ് ആരോടും പറയാതെ യുവതി വീടുവിട്ടിറങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം മാതാപിതാക്കൾ യുവതിയെ കാണാനില്ലെന്ന് കാട്ടി അഞ്ചുതെങ്ങ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് യുവതി ന്യൂഡൽഹിക്ക് ടിക്കറ്റ് എടുത്തതായി കണ്ടെത്തി. റെയിൽവേ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.