അമ്മയുടെ സിനിമയിൽ ഭാവനയുണ്ടാകില്ല, മരിച്ചവർ തിരിച്ചുവരാത്തതു പോലെയെന്ന് ഇടവേള ബാബു

അമ്മയ്ക്കുവേണ്ടിയുള്ള മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവനയുണ്ടാകില്ലെന്ന് ഇടവേള ബാബു. ഭാവന ഇപ്പോൾ അമ്മയിൽ അംഗമല്ലെന്നും മരിച്ചവർ തിരിച്ചുവരാത്തപോലെയാണ് ഇതെന്നുമാണ് ഇടവേള ബാബു പറഞ്ഞത്.
അമ്മയ്ക്കു വേണ്ടി ദിലീപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രം ട്വന്റി 20 ൽ ഭാവന പ്രധാന വേഷത്തിലാണ് എത്തിയത്. ‘ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല. ഇത്രയും മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ പറ്റുകയൊള്ളൂ. കഴിഞ്ഞ ട്വന്റി 20 ല്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോള്‍ മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയില്ലല്ലോ. അതുപോലെയാണ് ഇത്. അമ്മയിലുള്ളവരെ വച്ച് എടുക്കേണ്ടിവരും.’- ഇടവേള ബാബു പറഞ്ഞു.
കഴിഞ്ഞ ട്വന്റി ട്വന്റിയിൽ തന്നെ അമ്മയിലുള്ളവരെ തന്നെ പലരേയും അഭിനയിപ്പിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമുടി വേണു ചിത്രത്തിൽ ഇല്ലാതിരുന്നതിന് കാരണം അനുയോജ്യമായ കഥാപാത്രം ഇല്ലാത്തതിനാലായിരുന്നെന്നും ഇടവേള ബാബു പറഞ്ഞു. അതുപോലെ മമ്മൂട്ടി പറഞ്ഞ ഒരു ആഗ്രഹത്തേക്കുറിച്ചും താരം കൂട്ടിച്ചേർത്തു.
ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇക്കാര്യം ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവരോട് പറഞ്ഞപ്പോള്‍ എന്നെ ഓടിക്കാന്‍ ശ്രമിച്ചു. മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റക്കാരണത്താല്‍ പടം പരാജയപ്പെടുമെന്ന് അവര്‍ പറഞ്ഞത്.
പക്ഷേ മമ്മൂട്ടി പറഞ്ഞത് ശരിയാണ് അമ്മയുടെ സിനിമയിൽ മാത്രമേ മമ്മൂട്ടിക്ക് ഇങ്ങനെയൊരു അവസരം ലഭിക്കുകയൊള്ളൂ. – ഇടവേള ബാബു പറഞ്ഞു