നാല് വര്‍ഷം മുമ്പ് കണ്ട സ്വപ്‌നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടു, പിന്നീട് ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗിലും വീട്ടിലും ട്രംപ് നിറഞ്ഞു, ആരാധന മൂത്ത് അമ്പലം പണിതു, ആറടി ഉയരത്തില്‍ ട്രംപിനെ പ്രതിഷ്ഠിച്ചു, ഒടുവില്‍ ‘ദൈവത്തിന് ‘കൊവിഡ് ബാധിച്ച വിവരം അറിഞ്ഞ് ഭക്തന്‍ കുഴഞ്ഞു വീണ് മരിച്ചു

ബംഗളൂരു: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം കെട്ടി പൂജ ചെയ്ത് ശ്രദ്ധേയനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ട്രംപിനോടുള്ള വലിയ ആരാധനയുടെ പേരില്‍ ശ്രദ്ധേയനായ തെലങ്കാന സ്വദേശി 38കാരന്‍ ബുസാ കൃഷ്ണ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ട്രംപിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞതു മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ട്രംപിനോടുള്ള വലിയ ആരാധനയുടെ പേരില്‍ ട്രംപ് കൃഷ്ണ എന്നാണ് ഇയാളെ നാട്ടുകാര്‍ വിളിച്ചിരുന്നത്. ആരാധന കടുത്തതോടെ വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാള്‍ ദേശീയ തലത്തില്‍ ശ്രദ്ധേയനാകുന്നത്.
നാല് വര്‍ഷം മുന്‍പ് ബുസയുടെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധനയുടെയും ഭക്തിയുടേയും തുടക്കം. പിന്നീട് ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗിലും വീട്ടിലും അങ്ങനെ എല്ലായിടത്തും ട്രംപ് നിറഞ്ഞു. പക്ഷേ തന്റെ ആരാധനാമൂര്‍ത്തിയെ ഒരിക്കല്‍ പോലും നേരില്‍ കാണാന്‍ കഴിയാതെയാണ് ട്രംപ് കൃഷ്ണ വിട വാങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും അധികാരത്തില്‍ വരുമെന്നും കൃഷ്ണ പറയുമായിരുന്നു.