സ്ത്രീധനം കൂടുതല്‍ ചോദിച്ചിട്ട് കൊടുത്തില്ല, കലികയറി ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ ഭര്‍ത്താവ് പൊള്ളലേല്‍പ്പിച്ചു

 സ്ത്രീധനം കൂടുതല്‍ ചോദിച്ചിട്ട് കൊടുത്തില്ല, കലികയറി ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ ഭര്‍ത്താവ് പൊള്ളലേല്‍പ്പിച്ചു

ബംഗളൂരു: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടിട്ടും കിട്ടാതെ വന്നതില്‍ കലികയറിയ ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു. ബംഗളൂരിവിലെ രാമമൂര്‍ത്തി നഗറിലാണ് ക്രൂരത അരങ്ങേറിയത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് സൂരജ് സിംഗ് എന്ന യുവാവ് ഒളിവിലാണ്. 26കാരനായ ഇയാള്‍ക്കും കൂട്ടുനിന്ന ഇയാളുടെ അമ്മയെയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് സംഭവം. ബംഗളൂരുവില്‍ ഒരു പാന്‍ ഷോപ്പ് നടത്തിവരുന്ന സൂരജ് ഒരു വര്‍ഷം മുമ്ബാണ് വിവാഹിതനായത്. സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ ഇയാളും കുടുംബാംഗങ്ങളും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവദിവസവും ഇയാള്‍ ഭാര്യയോട് വീട്ടില്‍ നിന്ന് പണം വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ക്രൂര പീഡനങ്ങളില്‍ സഹികെട്ട യുവതി ഇക്കാര്യം അവഗണിക്കുകയും, തന്‍റെ വീട്ടുകാര്‍ ഇതുവരെ നല്‍കിയ പണവും വസ്തുക്കളും തിരികെ നല്‍കാന്‍ സൂരജിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് സൂരജിനെ പ്രകോപിപ്പിച്ചത്.

തുടര്‍ന്ന് ഇയാള്‍ ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. സൂരജിന്‍റെ അമ്മയും ഈ സമയം അടുത്തുണ്ടായിരുന്നു. 22കാരിയായ യുവതിയുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ത്രീധന നിരോധന നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്.