സമൂസയും പഫ്സും വാങ്ങി ചത്ത പല്ലിയെ കിട്ടിയെന്ന് പറഞ്ഞ് ഭീഷണി, എറണാകുളത്തെ രണ്ട് ബേക്കറിയിൽ നിന്നായി 23,500 രൂപ തട്ടി

 സമൂസയും പഫ്സും വാങ്ങി ചത്ത പല്ലിയെ കിട്ടിയെന്ന് പറഞ്ഞ് ഭീഷണി, എറണാകുളത്തെ രണ്ട് ബേക്കറിയിൽ നിന്നായി 23,500 രൂപ തട്ടി

കൊച്ചി; സമൂസയും പഫ്സും വാങ്ങി ചത്ത പല്ലിയെ കിട്ടിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയ യുവാക്കൾ പിടിയിൽ. എറണാകുളത്തെ രണ്ട് ബേക്കറിയിൽ നിന്നായി 23,500 രൂപയാണ് മൂന്നംഗ സംഘ തട്ടിയത്. സിനിമ സ്റ്റൈൽ തട്ടിപ്പ് നടത്തിയ ചെമ്പ് സ്വദേശികളായ പാറായിപ്പറമ്പിൽ അക്ഷയ്കുമാർ (22), കുന്നുവേലിൽ അഭിജിത്ത് (21) എന്നിവരാണ് പൊലീസിന്റെ കയ്യിലായത്.

മുളന്തുരുത്തി, അരയൻകാവ് എന്നിവിടങ്ങളിലെ ബേക്കറികളിലാണ് യുവാക്കൾ വ്യാഴവും വെള്ളിയുമായി തട്ടിപ്പു നടത്തുകയായിരുന്നു. സമൂസയും പഫ്സും പാഴ്സൽ വാങ്ങിയ ശേഷം ചത്ത പല്ലിയുടെ തല ഇതിനൊപ്പം ഇട്ടശേഷം ബേക്കറിയിലെത്തി പരാതി പറയുകയായിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഭീഷണി ഭയന്ന് ബേക്കറി ഉടമ 20,000 രൂപ നൽകി. എന്നാൽ ഇതേ തട്ടിപ്പുമായി വീണ്ടും ഇറങ്ങിയതോടെയാണ് പിടിവീണത്.

വെള്ളിയാഴ്ച അരയൻകാവിലെ കടയിൽ നിന്നു പഫ്സ് വാങ്ങി സമാനമായ രീതിയിൽ 3,500 രൂപയും തട്ടി. ഇതോടെയാണ് ഉടമകൾ പൊലീസിൽ പരാതി നൽകിയത്. അഡീഷനൽ എസ്ഐമാരായ ഇ.പി. വിജയൻ, ടി.വി. രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.