ഇനി ഞങ്ങളുടെ പെൺമക്കളെ എങ്ങനെ വിവാഹം ചെയ്തയയ്ക്കും, ഈ ഗ്രാമത്തിന്റെ പേര് അവൾ മലീമസമാക്കിയില്ലേ..?’ ഹത്രസിലെ ഠാക്കൂര്‍ വിഭാഗക്കാരന്‍ ഈ വിധം പ്രതികരിക്കുമ്പോൾ പഴി മുഴുവന്‍ ആ പാവം പെണ്‍കുട്ടിയ്ക്ക്; എല്ലാം ധൈര്യത്തോടെ നേരിടണമെന്ന് എല്ലാവരും പറയുമ്പോഴും ആ അമ്മയുടെ മനസ്സു കരയുന്നുണ്ടാകണം: എന്റെ ധൈര്യം അവളായിരുന്നു’ , ഹത്രസിലെ കാറ്റിൽ ഇന്നുമുണ്ട് അവളുടെ കരച്ചിൽ

‘അമ്മ അരികിലില്ലാതെ വന്നാൽ എങ്ങനെയാണു ഞാൻ രാത്രിയിൽ ഉറങ്ങുക’യെന്ന് അവൾ ഇടയ്ക്കു സങ്കടപ്പെടാറുണ്ട്. പക്ഷേ അപ്പോഴൊന്നും ആ അമ്മയ്ക്കറിയില്ലായിരുന്നു, അവസാനമായി ഒരുമ്മ പോലും കൊടുക്കാനാകാതെ അവളെ ഭരണകൂടം തന്റെ കണ്മുന്നിലിട്ടു കത്തിച്ചു കളയുമെന്ന്…
2001ൽ, പെൺകുട്ടി ജനിക്കുന്നതിന് ഏതാനും നാൾ മുൻപ് അവളുടെ മുത്തശ്ശിയും ഗ്രാമത്തിലെ ഠാക്കൂർ വിഭാഗക്കാരനായ ഒരു വ്യക്തിയും തമ്മിൽ വഴക്കുണ്ടായിരുന്നു. കൃഷിയിടത്തിലേക്ക് പോത്തിനെ അഴിച്ചുവിട്ടത് ചോദ്യം ചെയ്തതിന് അയാൾ മുത്തശ്ശിയെ തല്ലുകയും ചെയ്തു. ഇതിന്റെ പേരിൽ അയാൾക്ക് ഏതാനും ദിവസം ജയിലിലും കിടക്കേണ്ടി വന്നു.
അയാളുടെ കൊച്ചുമകനാണ് ഇരുപതുകാരനായ സന്ദീപ്. മുത്തച്ഛനിൽനിന്നു സന്ദീപിലേക്കും പെൺകുട്ടിയുടെ കുടുംബത്തോടുള്ള പക പടർന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പെൺകുട്ടി പുറത്തു പോകുമ്പോഴെല്ലാം അയാൾ അതു പ്രകടമാക്കിയിരുന്നു. ഇടയ്ക്കിടെ ചന്തയിലേക്കു പോയിരുന്ന അവൾ എല്ലായ്പ്പോഴും തിരിച്ചുവന്നത് നിറഞ്ഞ കണ്ണുകളോടെയായിരുന്നു.
വീട്ടിൽ കഠിനമായ ജോലികളൊന്നും അവളെക്കൊണ്ടു ചെയ്യിച്ചിരുന്നില്ല. എല്ലായ്പ്പോഴും സഹോദരന്റെ ഭാര്യയ്ക്കൊപ്പമായിരുന്നു. വീടു വൃത്തിയാക്കലും ഇടയ്ക്ക് കന്നുകാലികൾക്കു പുല്ലരിയലുമായിരുന്നു ആകെ ചെയ്യാനുണ്ടായിരുന്ന ജോലി.
സെപ്റ്റംബർ 14ന് രാവിലെ അമ്മയോടൊപ്പം പശുക്കൾക്ക് പുല്ലരിയാൻ വേണ്ടി പോയതാണ്. പക്ഷേ വയല്‍ച്ചെടികളുടെ മറവിൽ അവളെ കാത്തിരുന്നത് നാലു പേർ– ഠാക്കൂര്‍ വിഭാഗത്തിൽപ്പെട്ട സന്ദീപ് (20), രവി (35), ലവ്‌കുശ് (23), രാമു (26). അമ്മയിൽനിന്ന് അൽപം മാറിയായിരുന്നു അവൾ പുല്ലരിഞ്ഞത്.
നാലു പേരും ആക്രമിച്ച് ചെടികൾക്കിടയിലേക്ക് വലിച്ചിഴയ്ക്കുന്നതിനിടെ അവൾ കരഞ്ഞതാണ്. പക്ഷേ കാറ്റിൽ ആ കരച്ചിൽ അലിഞ്ഞില്ലാതായി. കേൾവിക്കു ചെറിയ പ്രശ്നവും അമ്മയ്ക്കുണ്ടായിരുന്നു. ഏതാനും സമയം കഴിഞ്ഞ്, മകൾ നിന്ന ഭാഗത്തേക്ക് എത്തിയപ്പോൾ അമ്മ കണ്ടതാകട്ടെ വയലിൽ വലിച്ചിഴച്ച പാടുകളും.
അതിനു പിറകെ ഓടിച്ചെന്ന ആ അമ്മ കണ്ടത് ചോരയിൽ കുളിച്ച് പൂർണനഗ്നയായി കിടക്കുന്ന മകളെയായിരുന്നു. ദുപ്പട്ട കൊണ്ട് അവളുടെ ശരീരം മറച്ച് അവർ അലറിക്കരഞ്ഞു. നിലവിളി കേട്ട് സഹോദരനും ഓടിയെത്തി. ശരീരത്തിലെ ഒരിഞ്ചു ഭാഗം പോലും അനക്കാനാകാതെ വേദനയാൽ ഞരങ്ങുകയായിരുന്നു അവൾ. അപ്പോഴും അവ്യക്തമായി അവൾ അമ്മയുടെ ചെവിയിൽ പറഞ്ഞു– ‘സന്ദീപ്…’
പെൺകുട്ടിയുടെ കഴുത്ത് ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. നട്ടെല്ല് തകർന്നു.നാവ് മുറിഞ്ഞിരുന്നു. നാവ് മുറിഞ്ഞതിനാൽ സെപ്റ്റംബർ 22നാണ് അൽപമെങ്കിലും സംസാരിക്കാൻ അവൾക്കായത്. തന്നെ ആക്രമിച്ച നരാധമന്മാരുടെ പേര് ഓരോന്നായി പറഞ്ഞു. തുടർന്നു മാത്രമാണ് കൂട്ടബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകൾ കൂടി ചേർക്കാൻ പൊലീസ് തയാറായതുതന്നെ.
പിന്നാലെ, പ്രതികളായ നാലു പേരും അറസ്റ്റിലായി. ഇടയ്ക്കെപ്പോഴൊക്കെയോ ബോധം വന്നപ്പോൾ അവൾ വീട്ടിലേക്കു തിരിച്ചു വരുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. പക്ഷേ ആരോഗ്യസ്ഥിതി നാൾക്കുനാൾ മോശമാവുകയായിരുന്നു. സെപ്റ്റംബർ 28ന് ഡൽഹി സഫ്ദർജങ് ആശുപത്രിയിലേക്ക് പെൺകുട്ടിയെ മാറ്റി.
ഏതാനും മണിക്കൂറുകൾ കൂടിയേ ലോകത്ത് അവളുടെ ജീവൻ ബാക്കിനിന്നുള്ളൂ. 29നു രാവിലെ 6.55ന് മരണം സ്ഥിരീകരിച്ചു. നട്ടെല്ലിനേറ്റ ഗുരുതരമായ ക്ഷതവും രക്തത്തിലെ അണുബാധയും തുടർന്നുണ്ടായ ഹൃദയാഘാതവുമായിരുന്നു മരണകാരണം.
ആ നാളുകളിൽ ഗ്രാമത്തിലെ ഠാക്കൂർ വിഭാഗത്തിലൊരാൾ മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ– ‘ഇനി ഞങ്ങളുടെ പെൺമക്കളെ എങ്ങനെ വിവാഹം ചെയ്തയയ്ക്കും. ഈ ഗ്രാമത്തിന്റെ പേര് അവൾ മലീമസമാക്കിയില്ലേ..?’
പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും ഉന്നത വിഭാഗക്കാരെ പിന്താങ്ങുന്നതായിരുന്നു ഭരണകൂടത്തിന്റെയും നടപടികൾ. അതില്‍ ആദ്യത്തേത് ജില്ലാ കലക്ടർ പ്രവീൺ ലസ്‌കറിന്റേതായിരുന്നു. രാത്രിയിൽ വീട്ടിലെത്തിയ ഇയാൾ വീട്ടുകാരെ ഭീഷണിപ്പെടുത്തിയത് ‘മാധ്യമപ്രവർത്തകരില്‍ പകുതി പോയിക്കഴിഞ്ഞു, ബാക്കിയുള്ളവർ നാളെ പോകും, പിന്നെ ഞങ്ങൾ മാത്രമേ കാണൂ… മൊഴി മാറ്റണോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്’ എന്നായിരുന്നു. പീഡനത്തിനിരയായില്ലെന്ന് പെൺകുട്ടി പറഞ്ഞതായും മർദനമേറ്റെന്നായിരുന്നു മൊഴിയെന്നും എഡിജി പ്രശാന്ത് കുമാർ കൂട്ടിച്ചേർത്തു.
പെൺകുട്ടിയുടെ വീട്ടിലേക്കെത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ബലംപ്രയോഗിച്ചു തടയുക കൂടി ചെയ്തതോടെ പ്രതിഷേധം അണപൊട്ടി.
എല്ലാ തടസ്സങ്ങളും മറികടന്ന് രാഹുലും പ്രിയങ്കയും വീട്ടിലെത്തി ആ അമ്മയെയും കുടുംബത്തെയും കണ്ടു. രാജ്യം മുഴുവൻ ഒപ്പമുണ്ടെന്ന് ആശ്വസിപ്പിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും വൃന്ദ കാരാട്ടും ഉൾപ്പെടെയുള്ള നേതാക്കളും വീട്ടിലെത്തി പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ടു. രാജ്യമെമ്പാടും ഇപ്പോഴും അണഞ്ഞിട്ടില്ല അവളുടെ ചിതയിൽനിന്നുയർന്ന ആ പ്രതിഷേധജ്വാലകൾ.