ട്രോള്‍ വീഡിയോകളില്‍ തന്റെ ശബ്ദം വരെ എഡിറ്റ് ചെയ്ത് പരിഹസിക്കുന്നു; നാണക്കേട് കൊണ്ട് ടെക്‌നോപാര്‍ക്കിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു, വീടിന് പുറത്തിറങ്ങാന്‍ വയ്യ; പൊലീസിന്റെ ശകാര വീഡിയോ നീക്കണം; പരാതിയുമായി വീണ്ടും അനന്തപത്മനാഭന്‍

കൊല്ലം: ലോക്ക്ഡൗണ്‍ കാലത്ത് കാറുമായി പുറത്തിറങ്ങിയതിന് പൊലീസ് ശകാരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കണമമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന പരാതിയുമായി യുവാവ് രംഗത്ത്. പൊലീസ് ശകാരിച്ച വീഡിയോയുടെ പേരില്‍ അപമാനിക്കപ്പെടുന്നുവെന്ന് കാണിച്ചാണ് കൊല്ലം പാരിപ്പള്ളി സ്വദേശി അനന്തപത്മനാഭന്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ആറ് മാസങ്ങള്‍ക്ക് മുമ്പ് ലോക്ഡൗണിന്റെ തുടക്കസമയത്ത് അനന്തപത്മനാഭന് പൊലീസിന്റെ പരസ്യശാസന നേരിടേണ്ടിവന്നിരുന്നു. പൊലീസ് തന്നെ കൈയേറ്റം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പരാതി നല്‍കി ആറ് മാസം കഴിഞ്ഞിട്ടും ഇതുവരെ നടപടിയുണ്ടായില്ല. യുട്യൂബിലും ഫെയ്‌സ്ബുക്കിലും ഉള്‍പ്പെടെ വീഡിയോ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നതിനാല്‍ കടുത്ത മാനസിക പീഡനം അനുഭവിക്കുകയാണെന്നും അനന്തപത്മനാഭന്‍ പറയുന്നു.
ലോക്ഡൗണ്‍ നിയമം ലംഘിച്ച് കാറുമായി പുറത്തിറങ്ങിയതിന് പാരിപ്പള്ളി സ്റ്റേഷനിലെ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ ചേര്‍ന്ന് ശകാരിച്ച വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.
വീഡിയോ ഇപ്പോഴും പ്രചരിക്കുന്നതിനാല്‍ മറ്റുള്ളവരുടെ പരിഹാസത്താല്‍ വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും യുവാവ് പറയുന്നു. താന്‍ വലിയൊരു തെറ്റ് ചെയ്തത് പോലെയാണ് ആളുകളുടെ പെരുമാറ്റം. ട്രോള്‍ വീഡിയോകളില്‍ തന്റെ ശബ്ദം വരെ എഡിറ്റ് ചെയ്ത് പരിഹസിക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം നാണക്കേട് കൊണ്ട് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജോലി പോലും ഉപേക്ഷിക്കേണ്ടി വന്നുവെന്നും യുവാവ് വ്യക്തമാക്കി.
പൊലീസിന്റെ പരസ്യശാസന ഏറെ ചര്‍ച്ചയായതിന് പിന്നാലെ തന്റെ വീട്ടിലെത്തിലെത്തിയ സിഐ രാജേഷ് കുമാര്‍ വീഡിയോ നീക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. അതിന് ശേഷം വീഡിയോ നീക്കം ചെയ്യാന്‍ നേരിട്ട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കാര്യമായ ഒരു നടപടിയും ഇതുവരെ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. വീഡിയോ നീക്കം ചെയ്യാന്‍ തുടര്‍ നിയമ നടപടികളിലേക്ക് കടക്കുമെന്നും യുവാവ് വ്യക്തമാക്കി.