സുന്ദറിന്റെ സിക്സർ തലയ്ക്കുനേരെ; പന്തിന്റെ വരവ് കണ്ട് പന്തികേടു തോന്നിയ ചെഹലും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും സീറ്റുകളിൽനിന്ന് എഴുന്നേറ്റ് ഓടി; വൈറൽ വിഡിയോ 

 സുന്ദറിന്റെ സിക്സർ തലയ്ക്കുനേരെ; പന്തിന്റെ വരവ് കണ്ട് പന്തികേടു തോന്നിയ ചെഹലും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും സീറ്റുകളിൽനിന്ന് എഴുന്നേറ്റ് ഓടി; വൈറൽ വിഡിയോ 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ശനിയാഴ്ച നടന്ന ചെന്നൈ സൂപ്പർ കിങ്സ് – റോയൽ ചാലഞ്ചേഴ്സ് മത്സരത്തിനിടെ, വാഷിങ്ടൺ സുന്ദർ പറത്തിയ സിക്സറിൽനിന്ന് രക്ഷപ്പെടാൻ ഇരിക്കുന്ന സീറ്റിൽനിന്ന് എഴുന്നേറ്റ് ഓടുന്ന സഹതാരം യുസ്‌വേന്ദ്ര ചെഹലിന്റെ വിഡിയോ വൈറൽ. മത്സരത്തിനിടെ സുന്ദർ പറത്തിയ സിക്സറുകളിലൊന്നാണ് റോയൽ ചാലഞ്ചേഴ്സ് ഡഗ്ഔട്ടിനു സമീപത്തേക്ക് പറന്നിറങ്ങിയത്. പന്തിന്റെ വരവു കണ്ട് പേടിച്ചരണ്ട് സീറ്റിൽനിന്ന് എഴുന്നേറ്റ് ഓടുന്ന ചെഹലിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

മത്സരത്തിൽ ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ചെന്നൈ സൂപ്പർ കിങ്സിനായി ഷാർദുൽ താക്കൂർ എറിഞ്ഞ 11–ാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ ദേവ്ദത്ത് പടിക്കലും (34 പന്തിൽ 33), അഞ്ചാം പന്തിൽ എ.ബി. ഡിവില്ലിയേഴ്സും (0) പുറത്തായതോടെയാണ് വാഷിങ്ടൺ സുന്ദർ ക്രീസിലെത്തുന്നത്. തുടർച്ചയായ വിക്കറ്റ് നഷ്ടത്തിന്റെ സമ്മർദ്ദത്തിൽ 11, 12 ഓവറുകളിൽ ബാംഗ്ലൂരിന് നേടാനായത് രണ്ടു റൺസ് വീതം മാത്രം.

ഇതോടെ 13–ാം ഓവറിൽ ബാംഗ്ലൂരിന് സമ്മർദ്ദമേറി. കാൺ ശർമ എറിഞ്ഞ ഈ ഓവറിലെ നാലാം പന്തിലാണ് ചെഹലിനെ ‘വിരട്ടിയ’ സിക്സർ പിറന്നത്. ശർമയുടെ പന്തിൽ സുന്ദറിന്റെ സ്ലോഗ് സ്വീപ്.

ഉയർന്നുപൊങ്ങിയ പന്ത് ലോങ് ഓണിനു മുകളിലൂടെയാണ് ആർസിബി ഡഗ്ഔട്ടിലെത്തിയത്. പന്തിന്റെ വരവ് കണ്ട് പന്തികേടു തോന്നിയ ചെഹലും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും സീറ്റുകളിൽനിന്ന് എഴുന്നേറ്റ് ഓടി. ഇതിന്റെ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തത്.