കൊവിഡ് മൂലം എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ ആ വൃദ്ധന്‍ തന്റെ ചായക്കടയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു; വീഡിയോ വൈറല്‍, ‘ബാബാ കാ ധാബ’യ്ക്ക് മുന്നില്‍ പിന്നീട് കണ്ടത് ജനസാഗരം !

 കൊവിഡ് മൂലം എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ ആ വൃദ്ധന്‍ തന്റെ ചായക്കടയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു; വീഡിയോ വൈറല്‍, ‘ബാബാ കാ ധാബ’യ്ക്ക് മുന്നില്‍ പിന്നീട് കണ്ടത് ജനസാഗരം !

കോവിഡ് മൂലം മാസങ്ങളായി തൻ്റെ കടയിൽ ആളുകൾ വരാത്തതും, തയ്യറാക്കുന്ന ആഹാരം സ്വയം കഴിക്കുകയോ ആർക്കെങ്കിലും സൗജന്യമായി കൊടുക്കുയോ ചെയ്യേണ്ടിവരുന്നതുമൂലം വീട് പട്ടിണിയി ലാകുകയും കടക്കാരനാകുകയും ചെയ്ത ഒരു വയോവൃദ്ധന്റെ മനോവേദന കണ്ണീരോടെ അദ്ദേഹം വിവരിച്ച വീഡിയോ സമൂഹമാധ്യമത്തിൽ ഇട്ടതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്.

ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗറിൽ വഴിയരുകിൽ ‘ബാബാ കാ ധാബ’ എന്ന ചെറിയ ഹോട്ടൽ നടത്തുന്ന വൃദ്ധനാണ് അവിടെ ആഹാരം കഴിക്കാനെത്തിയ വസുന്ധര ടങ്ക ശർമ്മ എന്ന യുവതിയോട് കരഞ്ഞുകൊണ്ട് തൻ്റെ സങ്കടങ്ങൾ വിവരിച്ചത്… ഒപ്പം അദ്ദേഹത്തിൻ്റെ ഭാര്യയുമുണ്ടായിരുന്നു.

വസുന്ധര ടങ്ക ശർമ്മ ഉടൻതന്നെ ഒരു വീഡിയോ തയ്യറാക്കി ട്വിറ്ററിൽ ഈ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു..” This video completely broke my heart. Dilli waalon please please go eat at बाबा का ढाबा in Malviya Nagar if you get a chance” # Support local. ” ഇതായിരുന്നു സന്ദേശം.

വീഡിയോ ഉടൻതന്നെ വൈറലായി. ടോപ്പ് ട്രെൻഡുകളിൽ അതുൾപ്പെട്ടു. ബോളിവുഡ് താരങ്ങൾ, പോലീസ് അധികാരികൾ ഒക്കെ ജനങ്ങളോടഭ്യർത്ഥിച്ചു ” ബാബാ കാ ധാബയിൽ പോയി ആഹാരം കഴിക്കുക, അവരെ സഹായിക്കുക…

പ്രയത്‌നം ഫലം കണ്ടുവെന്ന് മാത്രമല്ല, ഇപ്പോൾ കടയിൽ തിരക്കോട് തിരക്കാണ്. ആഹാരം തികയുന്നില്ല. ഇന്നലെ ഗ്യാസ് സിലിണ്ടർ തികയാതെവന്നപ്പോൾ കടമായി മറ്റൊന്ന് വാങ്ങേണ്ടിവന്നു.

വെളുപ്പിന് 6 മണിക്കാണിപ്പോൾ പാചകം തുടങ്ങുന്നത്. രാവിലെ 9 മണിക്ക് ഊണ് തയ്യാർ. പിന്നെ കസ്റ്റമേഴ്‌സിനെ തിരക്കാകുന്നു. കേട്ടറിഞ്ഞ് കൂടുതലാളുകൾ ആഹാരം കഴിക്കാനും പാഴ്‌സലിനുമായി എത്തുകയാണ്.