വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടി, ശരീരത്തില്‍ നാല്‍പ്പതിലേറെ മുറിവുകള്‍; അടിയേറ്റ് രക്തം വാര്‍ന്നു പോയി; കഞ്ചാവ് കേസ് പ്രതിയുടെ മരണം ക്രൂര മർദ്ദനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കഞ്ചാവു കേസിൽ കസ്റ്റഡിയിലിരിക്കെ പ്രതി ഷെമീർ ആശുപത്രിയിൽ മരിച്ചത് തലയ്ക്കേറ്റ ക്ഷതവും ക്രൂര മർദനവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷെമീറിന്റെ ഏതാനും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. നാല്‍പതിലേറെ മുറിവുകളും ഉണ്ട്. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്നു പോയിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
ശരീരത്തിന്റെ പിൻഭാഗത്ത് ചൂരലോ ലാത്തിയോ ഉപയോഗിച്ചു തുടർച്ചയായി അടിച്ചതിന്റെ ഫലമായി പൊട്ടി രക്തം വാർന്നൊലിച്ചിരുന്നു. ദേഹമാസകലവും തലയിലും രക്തം കട്ടപിടിച്ചതിന്റെ പാടുകളുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം ഒന്നിനാണ് തിരുവനന്തപുരം പള്ളിക്കുന്ന് പുത്തൻ വീട്ടിൽ ഷെമീർ തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലിക്കെ മരിച്ചത്.
10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും മറ്റൊരാളെയും സെപ്റ്റംബർ 29ന് ആണു കസ്റ്റഡിയിലെടുത്തത്. വിയ്യൂർ ജയിലിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രമായ ‘അമ്പിളിക്കല’ ഹോസ്റ്റലിൽ പാർപ്പിച്ചിരുന്ന പ്രതി കഞ്ചാവ് കിട്ടാതെ വന്നപ്പോൾ അക്രമാസക്തനായെന്നാണ് ജയിൽ അധികൃതർ പറയുന്നത്.