വീണ്ടും സുകുമാരക്കുറുപ്പ് മോഡല്‍ ‘കാര്‍ കത്തിക്കല്‍’! രണ്ടുകോടി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമം, ഹരിയാനയിലെ സുകുമാരക്കുറുപ്പ് കുടുങ്ങി!

 വീണ്ടും സുകുമാരക്കുറുപ്പ് മോഡല്‍ ‘കാര്‍ കത്തിക്കല്‍’! രണ്ടുകോടി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമം, ഹരിയാനയിലെ സുകുമാരക്കുറുപ്പ് കുടുങ്ങി!

ഡല്‍ഹി : സുകുമാരക്കുറുപ്പ് മോഡലില്‍ ഇന്‍ഷുറന്‍സ്  തുക തട്ടിയെടുക്കാന്‍ ഹരിയാനയിലും ശ്രമം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവ വ്യവസായി കുടുങ്ങി. താന്‍ മരിച്ചതായി വ്യാജമായി തെളിവുകള്‍ ഉണ്ടാക്കി രണ്ടു കോടി രൂപ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടത്.

ഹരിയാനയിലെ ഹിസാര്‍ ജില്ലക്കാരനായ വ്യവസായി രാം മെഹര്‍ (35) ആണ് വ്യാജ മരണത്തിലൂടെ പണം തട്ടാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച ഹാന്‍സിയില്‍ ഒരു കാറും അതിലെ യാത്രക്കാരനും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതാണ് സംഭവത്തിന്‍രെ തുടക്കം.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യവസായി രാം മെഹറിന്റേതാണ് കാര്‍ എന്ന് കണ്ടെത്തി. 11 ലക്ഷം രൂപ കൊള്ളയടിച്ച ശേഷം അക്രമികള്‍ രാം മെഹറിനെ കൊലപ്പെടുത്തിയതാണെന്ന് യുവാവിന്റെ ബന്ധുക്കള്‍ പരാതിപ്പെട്ടു.

യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയും, പണം കവര്‍ന്ന ശേഷം കൊലപ്പെടുത്തിയെന്നുമാണ് വീട്ടുകാര്‍ മൊഴി നല്‍കിയത്. എന്നാല്‍ അത്തരത്തിലൊരു ക്രൈം നടന്നിട്ടില്ലെന്ന് സംഭവസ്ഥലത്തെ പരിശോധനയില്‍ പൊലീസിന് വ്യക്തമായി. കുടുംബം കളവ് പറയുന്നതായും സംശയം തോന്നി.

ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവ വ്യവസായി ഛത്തീസ് ഗഡിലെ ബിലാസ്പൂരിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചത്. കഴിഞ്ഞദിവസം പൊലീസ് ബിലാസ്പൂരില്‍ നിന്നും രാം മെഹറിനെ അറസ്റ്റ് ചെയ്തു. ഇന്‍ഷുറന്‍സ് പണം തട്ടാന്‍ വ്യവസായി ഉണ്ടാക്കിയ നാടകമാണ് അപകടമെന്ന് ഹാന്‍സി എസ് പി ലോകേന്ദ്ര സിങ് പറഞ്ഞു.