ചെകിടത്ത് അടിച്ച് ജീപ്പിലേക്ക് വലിച്ചെറിഞ്ഞത് ഗുരുതരമായ തെറ്റ്… നിലവിളിച്ചിട്ടും ദയയില്ലാതെ എസ്ഐ, കടുത്ത ശിക്ഷയില്ല, കഠിന പരിശീലനത്തിൽ ഒതുങ്ങും

 ചെകിടത്ത് അടിച്ച് ജീപ്പിലേക്ക് വലിച്ചെറിഞ്ഞത് ഗുരുതരമായ തെറ്റ്… നിലവിളിച്ചിട്ടും ദയയില്ലാതെ എസ്ഐ, കടുത്ത ശിക്ഷയില്ല, കഠിന പരിശീലനത്തിൽ ഒതുങ്ങും

കൊല്ലം: ഹെൽമറ്റ് ഇല്ലാതെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്‌ത വയോധികനെ  മർ‌ദിച്ച ചടയമംഗലം പ്രൊബേഷൻ എസ്ഐ ഷജീമിനെതിരായ നടപടി കഠിന പരിശീലനത്തിലൊതുങ്ങും.

പ്രൊബേഷൻ എസ്ഐയ്ക്കെതിരെ കൂടുതൽ ശിക്ഷകൾ വേണ്ടെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥരെന്ന് സൂചന. എന്നാൽ എസ്ഐയുടെ പെരുമാറ്റം പോലീസ് സേനയ്‌ക്ക് യോജിച്ച തരത്തിൽ ആയിരുന്നില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്.

ചെകിടത്ത് അടിച്ച് ജീപ്പിലേക്ക് വലിച്ചെറിഞ്ഞത് ഗുരുതരമായ തെറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അടിയേറ്റ വയോധികൻ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് നിലവിളിച്ച് പറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാതെ വഴിയിൽ ഉപേക്ഷിച്ചത് അംഗീകരിക്കാൻ ആകില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബി വിനോദ് ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കർ കേരള പോലീസ് അക്കാദമി ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി.