അടിച്ചത് ലോട്ടറി ! കഴിഞ്ഞ വര്‍ഷം കിട്ടിയത് 300 രൂപ, ഇക്കുറി അത് ഒരു കോടി;കോടികൾ ഒഴുകുന്ന ഐപിഎൽ മത്സരത്തിൽ കളത്തിലിറങ്ങാതെ, ജഴ്സിയണിയാതെ കോടിപതിയായി മലയാളി !

കണ്ണൂർ : കോടികൾ ഒഴുകുന്ന ഐപിഎൽ മത്സരത്തിൽ കളത്തിലിറങ്ങാതെ, ജഴ്സിയണിയാതെ കോടിപതിയായി മലയാളി. ഓൺലൈൻ വെർച്വൽ ഗെയിമായ ഡ്രീം ഇലവനിൽ പങ്കെടുത്തു വിജയിച്ചതോടെയാണ് പാനൂർ മീത്തലെ പറമ്പത്ത് കെ.എം.റാസിക് ഒരു കോടി രൂപയുടെ സമ്മാനത്തിന് അർഹനായത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയെന്നാണു വിവരം. ഐപിഎല്ലിനോട് അനുബന്ധിച്ച് ഡ്രീം ഇലവനിൽ നടക്കുന്ന പ്രതിദിന മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഒരു കോടി രൂപ.
ഐപിഎല്ലിൽ ഓരോ ദിവസവും ഏറ്റുമുട്ടുന്ന 2 ടീമുകളിൽ നിന്നു 11 താരങ്ങളെ തിരഞ്ഞെടുത്ത് വെർച്വൽ ടീമുണ്ടാക്കിയാണ് ഡ്രീം ഇലവൻ ഓൺലൈൻ ഗെയിമിൽ പങ്കെടുക്കുന്നത്. ടീമിൽ ഉൾപ്പെട്ട താരങ്ങൾ നേടുന്ന റൺസിന്റെയും വിക്കറ്റിന്റെയും ബൗണ്ടറികളുടെയുമെല്ലാം അടിസ്ഥാനത്തിൽ ടീം ഉടമയ്ക്കു പോയിന്റുകൾ ലഭിക്കും.
ടീമിലെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റന്റെയും പ്രകടനങ്ങൾക്ക് ബോണസ് പോയിന്റുകളുമുണ്ട്. ബുധനാഴ്ച നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്–ചെന്നൈ സൂപ്പർ കിങ്സ് ഇലവൻ മത്സരത്തിൽ 790.5 പോയിന്റുകൾ നേടിയാണ് റാസിക്കിന്റെ ഡ്രീം ഇലവൻ ഒന്നാമതെത്തിയത്.
ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി മത്സരിച്ച 55 ലക്ഷത്തോളം പേരെ മറികടന്നായിരുന്നു ഈ നേട്ടം. കഴിഞ്ഞവർഷം മുതലാണ് റാസിക് ഓൺലൈൻ ഗെയിമിൽ സജീവമായത്.
കഴിഞ്ഞവർഷത്തെ ഒരു ഐപിഎൽ മത്സരത്തിനിടെ 300 രൂപ ലഭിച്ചതായിരുന്നു ഇതുവരെയുള്ള വലിയ നേട്ടം. കണ്ണൂർ എകെജി ആശുപത്രിയിൽ സ്റ്റേഷനറി കട നടത്തുന്ന റാസിക്ക് പാനൂർ ക്രിക്കറ്റ് പ്ലയേഴ്സ് ക്ലബിൽ അംഗമാണ്.