ഫ്‌ലാറ്റില്‍ മുറിക്കുള്ളില്‍ ഉറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ അണുനശീകരണ പ്രയോഗം; വയറിലെ തൊലി ചുവന്നു തടിച്ചു

 ഫ്‌ലാറ്റില്‍ മുറിക്കുള്ളില്‍ ഉറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ അണുനശീകരണ പ്രയോഗം; വയറിലെ തൊലി ചുവന്നു തടിച്ചു

ഫ്‌ലാറ്റില്‍ മുറിക്കുള്ളില്‍ ഉറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ അണു നശീകരണ ലായനി തളിച്ചെന്നു പരാതി. മയ്യനാട് ധവളക്കുഴി സൂനാമി കോളനി ഫ്‌ലാറ്റ് നമ്പര്‍ 9ല്‍ താമസിക്കുന്ന സുരേഷ് പ്ലിന്റു ദമ്പതികളുടെ കുഞ്ഞിന്റെ ദേഹത്താണ് അണുനശീകരണ ലായനി തളിച്ചതായി പരാതി.

കുട്ടിയുടെ വയര്‍ ഭാഗത്തെ തൊലി തടിച്ചു ചുവന്ന നിലയിലാണ്. ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി.2 ദിവസം മുന്‍പ് രാവിലെ 11.30നാണു സംഭവം. കുട്ടിയെ മുന്‍വശത്തെ മുറിക്കുള്ളില്‍ കിടത്തിയ ശേഷം വീട്ടുകാര്‍ അടുക്കളയിലേക്കു പോയ സമയത്താണ് ഒരാള്‍ എത്തി ഫ്‌ലാറ്റിന് പുറത്തും മുറിക്കുള്ളിലും അണു നശീകരണ ലായനി തളിച്ചത്.

കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടു വീട്ടുകാര്‍ നോക്കിയപ്പോഴാണ് അണുനശീകരണം നടത്തുന്നതായി കണ്ടത്. സൂനാമി ഫ്‌ലാറ്റിലെ ചില ബ്ലോക്കുകളില്‍ കോവിഡ് പോസിറ്റീവ് ആയ സ്ത്രീ സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ അണു നശീകരണം നടത്തിയത്.

എന്നാല്‍ ഈ വ്യക്തിയെ അണുനശീകരണം നടത്താന്‍ ആരാണ് ചുമതലപ്പെടുത്തിയതെന്ന് ഫ്‌ലാറ്റ് നിവാസികള്‍ക്ക് അറിയില്ല.ഇതേ ചൊല്ലി കുട്ടിയുടെ രക്ഷിതാക്കളും അണു നശീകരണ പ്രയോഗം നടത്തിയ വ്യക്തിയും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കി.